പത്തനംതിട്ട: ഓമല്ലൂർ - മുളക്കുഴ റോഡ് നിർമ്മാണം നാട്ടുകാർക്ക് എട്ടിന്റെ പണിയായി. പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ പാതയാണ് ഓമല്ലൂർ - മുളക്കുഴ റോഡ്. എട്ടു വർഷം മുൻപ് ആരംഭിച്ച റോഡ് നിർമ്മാണം തുടക്കത്തിൽ തന്നെ നിലച്ചതോടെ റോഡ് കൂടുതൽ പൊട്ടിപ്പൊളിഞ്ഞ് ദുർഘട പാതയായി മാറി. റോഡും കുഴിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ തകർന്ന ഈ റോഡിലൂടെ കെ.എസ്.ആർടി.സി, സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന സഞ്ചരിക്കുന്നത്. മഞ്ഞനിക്കര ദയറ, ജില്ലയിലെ ഏക വനിതാ ഐ.ടി.ഐ, മെഴുവേലി ഐ.ടി.സി, മെഴുവേലി പൊലീസ് സ്റ്റേഷൻ, ഓമല്ലൂർ, ഇലവുംതിട്ട, മെഴുവേലി, കാരിത്തോട്ട, കോട്ട സ്‌കൂളുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ, കോട്ട, ഇലവുംതിട്ട, ഓമല്ലൂർ ചന്തകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഈ റോഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഓമല്ലൂർ കുരിശുകവലയിൽ നിന്ന് ചെന്നീർക്കര, ഊന്നുകൽ, ഇലവുംതിട്ട, മെഴുവേലി, കിടങ്ങന്നൂർ, കാരിത്തോട്ട, കോട്ട, മുളക്കുഴവരെ എത്തുന്ന റോഡിന്റെ നീളം 16.2കിലോമീറ്ററാണ്. 2018ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 23കോടിയിലധികം രൂപ കിഫ്ബി ഫണ്ടുപയോഗിച്ചാണ് റോഡു നിർമ്മാണം ആരംഭിച്ചത്. എന്നാൽ, അധികനാൾ കഴിയും മുമ്പ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ പണി ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു കരാറുകാരൻ നിർമ്മാണ ജോലി പുനരാരംഭിച്ചെങ്കിലും അയാളും നിർമ്മാണം പൂർത്തിയാക്കിയില്ല. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നിർമ്മാണച്ചുമതല കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറി. റോഡ് പണിപൂർത്തിയാക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ പണി ഏറ്റെടുത്തില്ല. ഇതോടെ റോഡുപണി പൂർണമായും നിലച്ചു.
അപകടം പതിവാകുന്നു
അത്യാധുനിക രീതിയിൽ പുനർ നിർമ്മിക്കാൻ പദ്ധതിയിട്ട റോഡു നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ റോഡ് പൊട്ടി പൊളിഞ്ഞ് കൂടുതൽ തകർന്നു. റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് ഇരു ചക്ര വാഹനയാത്രക്കാർക്കും വഴിയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. കോട്ടയിൽ കഴിഞ്ഞ ദിവസം ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന്ഗുരുതര പരിക്കേറ്റിരുന്നു.
..............................................................................
റോഡിന്റെ നിളം: 16.2കി.മീ
പുനർ നിർമ്മാണം ആരംഭിച്ചത്: 2018ൽ
നിർമ്മാണച്ചെലവ് : 23 കോടി
...................................
റോഡ് അടിയന്തിരമായി പുനർ നിർമ്മിക്കാൻ ബന്ധപ്പെട്ട വർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ബിജു കൃഷ്ണൻകുട്ടി
(കോട്ട)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |