വെള്ളറട: ചൂട് കൂടിയതോടെ മലയോരമേഖലയിലെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ ശേഖരിക്കാൻ കഴിയാതെയും വെള്ളത്തിനും ബുദ്ധിമുട്ടും തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനെക്കാൾ വയ്ക്കോലിന് കെട്ടിൻമേൽ പത്തുരൂപയിലേറെ വർദ്ധിച്ചു. എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. കർഷകർക്ക് സ്വന്തമായുണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഉത്പാദിപ്പിക്കുന്നപാൽ സഹകരണ സംഘങ്ങളിൽ നൽകിയാൽ പാലിന്റെ കൊഴുപ്പ് നോക്കിയുള്ള വിലയാണ് ലഭിക്കുന്നത്. ഇതുകാരണം പലപ്പോഴും ഉത്പാദന ചെലവിനുപോലും തികയുകയില്ല.
ക്ഷീരോത്പാദന മേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികളുണ്ടെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇപ്പോൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കൂടിയ വില നൽകി പലസ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയസംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വില്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പാൽ എത്തിക്കുന്ന ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ടവില ലഭിക്കുന്നതായി കർഷകർ പറയുന്നു.
കാലിത്തീറ്റയ്ക്കും മരുന്നിനും വിലയേറി
കന്നുകാലികൾക്കുള്ള കാലിത്തീറ്റയ്ക്കും രോഗബാധയ്ക്ക് നൽകുന്ന മരുന്നുകൾക്കും ക്രമാതീതമായി വില വർദ്ധിപ്പിച്ചതാണ് ക്ഷീരമേഖലയിലെ കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാലിത്തീറ്റ, പിണ്ണാക്ക്, പരുത്തിക്കുരു എന്നിവയ്ക്ക് വില വർദ്ധിച്ചതായി കർഷകർ പറയുന്നു.
300 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന 25കിലോ തൂക്കം വരുന്ന ഒരു കെട്ട് വൈക്കോലിന് ഇപ്പോൾ 350രൂപ മുതൽ 400രൂപ വരെ വിലയുണ്ട്.
പ്രമുഖ കമ്പനികളുടെ എള്ള് പിണ്ണാക്കിന്റെ 50കിലോയുടെ ഒരു ചാക്കിന് 1800നും 1900നും ലഭിച്ചിരുന്നത് ഇപ്പോൾ 2560രൂപ വരെ വിലയായി.
1080രൂപക്ക് ലഭിച്ചുകൊണ്ടിരുന്ന കാലിത്തീറ്റയ്ക്ക് 1250രൂപയും 2300രൂപക്ക് ലഭിച്ചുകൊണ്ടിരുന്ന 60കിലോയുടെ പരുത്തിപ്പിണ്ണാക്കിന് ഇപ്പോൾ 3000രൂപയും വിലയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |