SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

പൊട്ടിപ്പൊളിഞ്ഞ് മേൽവിളാകം മഹാലക്ഷ്മീ ക്ഷേത്രം റോഡ്

36

ഉദിയൻകുളങ്ങര: പതിനഞ്ച് വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലെ റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നഗരസഭ പരിഗണിക്കുന്നില്ലെന്ന് പരാതി.

നൂറുകണക്കിന് വീട്ടുകാരുടെയും പ്രധാന ആശ്രയമാണ് ഈ റോഡ്. ഇതുവഴി വരുന്ന ഇരുചക്ര വാഹന യാത്രികർക്കും കാൽനടക്കാർക്കും അപകടങ്ങളുണ്ടാകുന്നതും പതിവാണ്. പ്രദേശത്ത് തെരുവ് വിളക്കുകളുടെ അഭാവവും രാത്രികാലങ്ങളിലുള്ള യാത്രകൾക്ക് പ്രതിസന്ധിയാകുന്നുണ്ട്. റോഡ് കടന്നുവരുന്ന ഇരുഭാഗത്തും വയലും തോടുകളും കുളങ്ങളും ഉള്ളതിനാൽ റോഡിലെ കുഴി

ഒഴിഞ്ഞുമാറി യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികർ ഈ ഭാഗങ്ങളിലേക്ക് തെറിച്ചു വീഴാറുണ്ട്.

മഴയായാൽ വിദ്യാർത്ഥികൾ ചെളിയിൽ മുങ്ങി വേണം പ്രധാന കവലകളിലേക്ക് ബസ്സിനായി എത്തിച്ചേരേണ്ടത്.


മാരായമുട്ടത്തുനിന്ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലേക്ക് എത്തുന്നതിനുള്ള പ്രധാന വഴികളിലൊന്നാണ് മേൽവിളാകം മഹാലക്ഷ്മീ ക്ഷേത്രം റോഡ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് റോഡിന്റെ പല ഭാഗങ്ങളും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

നടപടി വൈകുന്നു

റോഡിന്റെ ശോചനീയാവസ്ഥ നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അടിയന്തരമായി റോഡ് നവീകരിച്ച് പൂർണമായും ഗതാഗതയോഗ്യമാക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് നവീകരണത്തിനായി നാട്ടുകാരും പ്രദേശത്തെ കൃഷിക്കാരും പ്രാദേശിക നേതാക്കളും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL