വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പേരയത്തുപാറ ജംഗ്ഷനിൽ ഒന്നരവർഷമായി വെള്ളിവെളിച്ചം വിതറിയിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു. ഒരാഴ്ചയായി പരിസരത്ത് ലൈറ്റ് കത്തുന്നില്ല. പഞ്ചായത്തിന്റെ സ്ട്രീറ്റ് ലൈറ്റുകളുമില്ല. വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. രാത്രിയിൽ പേരയത്തുപാറ ജംഗ്ഷനിൽ ബസിറങ്ങുന്നവർ ബുദ്ധിമുട്ടുകയാണ്. അടൂർ പ്രകാശ് എം.പിയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മേഖലയിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്നാണ് എം.പി ലൈറ്റ് അനുവദിച്ചത്. ലൈറ്റ് കത്തിക്കുവാൻ നടപടികൾ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
തെരുവ് നായ്ക്കളുടെ ശല്യം
പേരയത്തുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിലുൾപ്പെടെ തെരുവുനായ്ക്കളുടെ താവളമാണ്.രാത്രിയിൽ ജംഗ്ഷനിൽ ബസിറങ്ങുന്നവരെ നായ്ക്കൾ ആക്രമിച്ച സംഭവവുമുണ്ടായി. ഇവ വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെയുൾപ്പെടെ കൊന്നൊടുക്കുന്നുണ്ട്.
മാലിന്യനിക്ഷേപം
ഇരുട്ടിന്റെ മറവിൽ പേരയത്തുപാറ,ചാരുപാറ മേഖലയിൽ മാലിന്യനിക്ഷേപിക്കലുമുണ്ട്. മാലിന്യം അഴുകി പ്രദേശത്ത് ദുർഗന്ധവും പരത്തുന്നുണ്ട്. മേഖലയിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യംശക്തമാണ്.
മോഷണവും
പേരയത്തുപാറയിൽ മോഷണവും പതിവാണ്. നേരത്തേ ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചിരുന്നു.മോഷ്ടാക്കളെ പിടികൂടിയിട്ടില്ല. റബർഷീറ്റും കാർഷികവിളകളും മോഷണം പോയിട്ടുണ്ട്.
വിതുര,തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി കത്തിക്കണം.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |