കഴക്കൂട്ടം: ബൈക്കിന്റെ ഹെഡ്‌ലൈറ്റ് വെട്ടം മുഖത്തടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആക്രമിക്കുകയും വീട്ടിൽ അതിക്രമിച്ചുകയറി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
തൃപ്പാദപുരം ഫേസ് ചാരിസ് വില്ലയിൽ സ്റ്റീവ് പോൾ സോളമനാണ് (40) ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ 1ഓടെ തൃപ്പാദപുരം ജോയ്‌സ് വില്ലയ്ക്ക് മുന്നിലായിരുന്നു സംഭവം. ബൈക്കിൽ വരികയായിരുന്ന സ്റ്റീവിന്റെ വാഹനത്തിന്റെ വെളിച്ചം മനപ്പൂർവം മുഖത്തടിച്ചെഞ്ഞ് തെറ്റിദ്ധരിച്ച് പ്രതികൾ ഇയാളെ തടഞ്ഞുനിറുത്തുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതി സ്റ്റീവിനെ മർദ്ദിക്കുകയും രണ്ടാംപ്രതി കമ്പി ഉപയോഗിച്ച് ശരീരത്തിൽ അടിക്കുകയും ചെയ്തു. ഇതിനുശേഷം ഭീഷണിപ്പെടുത്തി വീട് തുറന്ന് അകത്തുകയറിയ പ്രതികൾ ലഹരിവസ്തുക്കൾ ഉണ്ടോയെന്ന് ചോദിച്ച് വീണ്ടും മർദ്ദിച്ചു.
ഇതിനിടെ ഒന്നാം പ്രതി കത്തി ഉപയോഗിച്ച് സ്റ്റീവിന്റെ തലയ്ക്ക് നേരെ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. പൊലീസിൽ വിവരമറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സ്ഥലംവിട്ടത്. പരിക്കേറ്റ സ്റ്റീവ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |