
ബാലരാമപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ റോഡുകൾ ദേശീയപാത എൻ.എച്ച് വിഭാഗം ഏറ്റെടുത്തതോടെ ബാലരാമപുരം ജംഗ്ഷനിൽ ഓടനവീകരണം അനിശ്ചിതത്വത്തിൽ. ഓടകളിൽ മാലിന്യം നിറഞ്ഞ് യാത്രക്കാർക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്തധികൃതരും കൈയൊഴിഞ്ഞ അവസ്ഥയാണ്.
കേന്ദ്രവിഹിതവും സംസ്ഥാനവിഹിതവും ഉൾപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിൽ റോഡുകളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നത്. ദേശീയപാതകളുടെ വികസനം നീളുന്നതിനാൽ ബാലരാമപുരത്ത് ഓടകൾ തകർന്ന് ഗതാഗതതടസം നേരിടുകയാണ്. ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകി പകർച്ചവ്യാധിഭീഷണിയുണ്ടായിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഫണ്ടിന്റെ അപര്യാപ്തതമൂലം ആർ.സി വർക്കിൽ ഉൾപ്പെടുത്തിയാണ് താത്കാലികമായി ഓടകളുടെ നവീകരണം നടന്നുവരുന്നത്.
തദ്ദേശ പഞ്ചായത്തുകളുടെ പരിധിയിലുള്ള രണ്ട് കിലോമീറ്ററോളം ചുറ്റളവിലെ ഓടകളുടെ നവീകരണജോലികൾ തടസ്സപ്പെട്ടിട്ട് വർഷങ്ങൾ പിന്നിടുകയാണ്. കൊടിനട-വഴിമുക്ക് പാത വികസനം അനിശ്ചിതമായി നീളുന്നതും മറ്റൊരു കാരണമാണ്.
ബാലരാമപുരം പഞ്ചായത്തിന് കീഴിൽ കാട്ടാക്കട റോഡ്, നെയ്യാറ്റിൻകര റോഡ് എന്നിവിടങ്ങളിലെ ഓടകൾ തകർന്ന നിലയിലാണ്.
പഞ്ചായത്ത് നൽകിയ പരാതിയെതുടർന്ന് പൊതുമരാമത്ത് കാഞ്ഞിരംകുളം സെക്ഷൻ അധികൃതർ കാട്ടാക്ക റോഡിലെ ഓടകളിൽ സ്ലാബുകൾ സ്ഥാപിച്ചെങ്കിലും മലിജനലം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്.
ഫണ്ടിന്റെ അപര്യാപ്തത
ഫണ്ടിന്റെ അപര്യാപ്തതമൂലമാണ് ഓടനവീകരണവും അനുബന്ധ ജോലികളും നീളാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വർഷത്തിൽ 40 ലക്ഷത്തിൽ താഴെയാണ് ഓടകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വിവിധ മരാമത്ത് സെക്ഷനുകൾക്കായി അനുവദിക്കുന്നത്. സുപ്രധാന റോഡുകളിൽ 200 കിലോമീറ്റർ ചുറ്റളവിലാണ് ഓടകളുടേയും അനുബന്ധ ജോലികളും പൂർത്തിയാക്കേണ്ടത്.
മഴക്കാലത്ത് പ്രതിസന്ധി രൂക്ഷമാകും
മഴക്കാലമെത്തുമ്പോൾ ഓടകൾ നിറഞ്ഞുകവിഞ്ഞ് മലിനജലം റോഡിലേക്ക് പൊട്ടിയൊഴുകും. മൂന്ന് മാസത്തിലൊരിക്കൽ ഓടനവീകരണം സാദ്ധ്യമായാലെ പ്രതിസന്ധി പരിഹരിക്കാനാകൂ. പഞ്ചായത്തുകളുടേയും നാട്ടുകാരുടേയും പരാതിയെത്തുമ്പോൾ ആർ.സി വർക്കിൽ ഉൾപ്പെടുത്തിയാണ് താത്കാലികമായി ഓടകൾ നവീകരിക്കുന്നത്. കൊടിനട-വഴിമുക്ക് പാത ദേശീയപാത എൻ.എച്ച് വിഭാഗം ഏറ്റെടുത്തതോടെ ഓടനവീകരണത്തിൽ നിന്നും മരാമത്ത് നെയ്യാറ്റിൻകര- കാഞ്ഞിരംകുളം സെക്ഷനും കയ്യൊഴിഞ്ഞിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |