തിരുവനന്തപുരം: നഗരഹൃദയത്തിൽ 170 വർഷമായി നിലനിൽക്കുന്ന മൃഗശാലയെ നഗരത്തിന് പുറത്തേക്ക് പറിച്ചുനടാനുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദ്ദേശത്തെ എതിർത്ത് സി.പി.എമ്മും പരിസ്ഥിതി പ്രവർത്തകരും രംഗത്ത്. എന്നാൽ, വിഷയത്തിൽ നഗരസഭാ മേയർ വി.വി.രാജേഷ് അടക്കമുള്ളവർ സ്വാഗതം ചെയ്യുന്നുണ്ട്.
വാണിജ്യ ലക്ഷ്യങ്ങളോടെ മുതലാളിമാർക്ക് സ്ഥലം മറിച്ചുനൽകാനാണ് ഈ നീക്കമെന്ന് മുൻ എം.എൽ.എ വി.കെ. പ്രശാന്ത് ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മൃഗശാല മാറ്റി,പകരം ന്യുയോർക്കിലെ മാഡിസൺ സ്ക്വയർ പോലെ വൻ അരീന നിർമ്മിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിന് സഹായിക്കുന്ന പച്ചത്തുരുത്താണ് ഈ പ്രദേശമെന്നും അതിനാൽ സ്വാഭാവിക സ്ഥിതിയിൽ ഇതിനെ നിലനിറുത്തണമെന്നും ആവശ്യവും ഉയർന്നുണ്ട്. അപൂർവങ്ങളായ വിവിധ ഇനത്തിൽപ്പെട്ട നൂറുകണക്കിന് മരങ്ങളാണ് ഈ സ്ഥലത്തുള്ളത്. മൃഗശാലയിലെ ചതുപ്പ് മേഖലയും ജലാശയവും വെള്ളം മണ്ണിലേക്ക് പിടിച്ചുനിറുത്തുന്ന മേഖല കൂടിയാണ്. ഇവയെല്ലാം മാറ്റി കോൺക്രീറ്റ് വനം സൃഷ്ടിക്കുന്നത് പരിസ്ഥിതിക്ക് യോജിച്ചതല്ലെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ കാഴ്ചപ്പാട്.
നീക്കം വാണിജ്യ ലക്ഷ്യത്തോടെയെന്ന് വി.കെ. പ്രശാന്ത്
ആരുമായും ആലോചിക്കാതെയാണ് തീരുമാനം. വാണിജ്യ ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നു. ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനമുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ട്. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നു. പദ്ധതിയുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
സാദ്ധ്യതകൾ മനസിലാക്കണം: മേയർ
പുതിയ കാലത്ത് നഗരവികസനത്തിന്റെ സാദ്ധ്യതകൾ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്ന് മേയർ വി.വി.രാജേഷ്. നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ട്.' മൃഗങ്ങൾ ചാടിപ്പോവുമ്പോൾ ജനങ്ങൾ ഭീതിയിലാണ്. പൂജപ്പുരയിലെ സെൻട്രൽ ജയിലും മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മേയർ അഭിപ്രായപ്പെട്ടു.
പേപ്പാറ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റണം: വിതുര വികസന സമിതി
നഗര മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന മൃഗശാലയിൽ നിന്ന് വന്യമൃഗങ്ങളെ വിശാലവും പ്രകൃതി സൗന്ദര്യവുമുള്ള വനത്തോട് ചേർന്ന പേപ്പാറ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റണമെന്ന് വിതുര വികസന സമിതി ആവശ്യപ്പെട്ടു.
നഗരഹൃദത്തിൽ ഇത്രയധികം മരങ്ങൾ നിറഞ്ഞ പ്രദേശത്തെ കോൺക്രീറ്റ് വനമാക്കി മാറ്റാനുള്ള നീക്കം നഗരത്തിലെ അന്തരീക്ഷ താപനിലയെ ബാധിക്കും. മാത്രമല്ല, തലസ്ഥാനത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ മൃഗശാല മറ്റൊരിടത്തേക്ക് പറിച്ചു നടുന്നത് നഗരത്തിന്റെ സൗന്ദര്യം കുറയ്‌ക്കും
-കൃഷ്ണകുമാർ
പരിസ്ഥിതി പ്രവർത്തകൻ
മൃഗശാല മാറ്റം അംഗീകരിക്കാനാവില്ല. മാഡിസൺ സ്ക്വയർ നിർമ്മിക്കാൻ നഗരത്തിൽ വേറെ സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്. മേയർ പറഞ്ഞതുപോലെ പൂജപ്പുര ജയിൽ മാറ്റിയാൽ അവിടെയും മാഡിസൺ സ്‌ക്വയർ നിർമ്മിക്കാം
-ആശാലത
പൊതുപ്രവർത്തക
മൃഗശാല സ്ഥാപിച്ചത്
1859
ആകെ സ്ഥലം
55 ഏക്കർ
പച്ചത്തുരുത്ത്
30 ഏക്കർ
മൃഗങ്ങൾ
98 ഇനങ്ങളിലായി 1025 എണ്ണം
പക്ഷികൾ
93 ഇനം
ചിത്രശലഭങ്ങൾ
120 ഓളം ഇനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |