തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിലേറെയായി തലസ്ഥാനത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ മൃഗശാല ഉൾപ്പെടുന്നത് രാജ്യത്തെ 14 ലാർജ് കാറ്റഗറി 'സൂ' പട്ടികയിൽ. കാരണങ്ങളൊന്നുമില്ലാതെ മൃഗശാല മാറ്റണമെന്ന വാദത്തിനു പിന്നിലെ താൽപര്യങ്ങൾക്കപ്പുറം ഈ നീക്കം നേപ്പിയർ മ്യൂസിയമടക്കമുള്ള സ്ഥാപനങ്ങളുടെ പ്രസക്തിയും നഷ്ടപ്പെടുത്തിയേക്കും.മ്യൂസിയം കോമ്പൗണ്ടിൽ സന്ദർശനത്തിനെത്തുന്നവരിൽ 80 ശതമാനവും മൃഗശാല കാണാനെത്തുന്നവരാണ്. 20 ശതമാനത്തിൽ താഴെയാണ് നേപ്പിയർ മ്യൂസിയത്തിൽ ഉൾപ്പെടെ സന്ദർശനം നടത്തുന്നത്.
രാജ്യത്ത് 90 ൽഅധികം മൃഗശാലകളാണുള്ളത്.കേന്ദ്ര മൃഗശാലാ അതോറിറ്റി 3 വർഷത്തിലൊരിക്കൽ പരിശോധന നടത്തിയാണ് മൃഗശാലകൾക്ക് പ്രവർത്തനാനുമതി പുതുക്കി നൽകുക.മൃഗങ്ങൾക്കുള്ള സൗകര്യങ്ങൾ,ഫുഡ് സ്‌റ്റോർ,ആരോഗ്യപരിശോധന സംവിധാനങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങൾ പരിശോധിച്ചാണ് അംഗീകാരം പുതുക്കുക.തൃശൂർ മൃഗശാല മാറ്റാൻ തീരുമാനിച്ചത് നിയമപ്രകാമുള്ള സൗകര്യങ്ങളില്ലാത്തതിനാൽ അംഗീകാരം നഷ്ടപ്പെട്ടതിനാലായിരുന്നു.തൃശൂരിൽ 13 ഏക്കർ ഭൂമി മാത്രമാണുണ്ടായിരുന്നത്.സൗകര്യങ്ങളൊരുക്കാൻ 25 ഏക്കറെങ്കിലും ആവശ്യമായിരുന്നു.നഗരമദ്ധ്യത്തിൽ ഇത് സാദ്ധ്യമല്ലാത്തതിനലാണ് മാറ്റം അനിവാര്യമായത്.
55 ഏക്കർ ഭൂമിയാണ് തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വളപ്പിനുള്ളത്. ഇതിൽ 36 ഏക്കറിൽ മൃഗശാലയും 19 ഏക്കറിൽ നേപ്പിയർ അടക്കം വിവിധ മ്യൂസിയങ്ങളം പ്രവർത്തിക്കുന്നു.
തിരുവനന്തപുരം മൃഗശാലയ്ക്ക് സ്ഥലപരിമിതിയോ ഇവിടെ പ്രവർത്തിക്കുന്നതുകൊണ്ട് മറ്റാർക്കും ബുദ്ധിമുട്ടോ ഇല്ല. 350 സ്പീഷിസിലായി 1000ൽ ഓളം മരങ്ങളും ഇവ കേന്ദ്രമാക്കി 80 ൽ അധികം സ്പീഷീസിലെ പക്ഷികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
മൃഗശാലകൾ 4 വിഭാഗത്തിൽ,മിക്കതും നഗരമദ്ധ്യത്തിൽ
മൃഗശാലകളെ 4 വിഭാഗമായാണ് തിരിച്ചിട്ടുള്ളത്.ലാർജ്,മീഡിയം,സ്മാൾ,മിനി എന്നിങ്ങനെയാണിവ. തിരുവനന്തപുരത്തിന് പുറമേ ഡൽഹി,മൈസൂർ,തിരുപ്പതി,ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ലാർജ് വിഭാഗത്തിലെ മൃഗശാലകളുള്ളത്.മിക്കവയും നഗരമദ്ധ്യത്തിലുമാണ്.അതുകൊണ്ടുതന്നെ സഞ്ചാരികൾക്ക് സൗകര്യപ്രദമായി എത്താനുമാകുന്നു.ഏഴരലക്ഷം സന്ദർശകരാണ് ലാർജ് വിഭാഗത്തിലെ മൃഗാശാലയിൽ ഒരുവർഷം എത്തേണ്ടത്. എന്നാൽ തിരുവനന്തപുത്ത് ഇത് 12 ലക്ഷത്തിലേറെയാണ്. 75 സ്പീഷീസുകൾ ഈ വിഭാഗത്തിൽ വേണ്ടിടത്ത് ഇവിടെ 90ൽ അധികമുണ്ട്. വംശനാശഭീഷണി നേരിടുന്നവ 10 വിഭാഗത്തിലുള്ളവ കുറഞ്ഞത് വേണം.എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻകുരങ്ങ്,മലയണ്ണാൻ തുടങ്ങിയ ഈ വിഭാഗത്തിലെ 18ൽ അധികം ജീവജാലങ്ങളുണ്ട്.
-----------------------------
'ഒരു മൃഗശാലയ്ക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.മികച്ച രീതിയിലാണ് പ്രവർത്തനം.കേന്ദ്ര മൃഗശാലാ അതോറിട്ടി പരിശോധനയിൽ നിർദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നത്. -
അബു ശിവദാസ് (മ്യൂസിയം മൃഗശാല വകുപ്പ് മുൻ ഡയറക്ടർ)
-----------------------------
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |