
നെടുമങ്ങാട്: നഗരമദ്ധ്യത്തെ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ അഗ്നിബാധയിൽ 7 കോടി രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം. സ്ഥാപനങ്ങളിലുണ്ടായിരുന്ന സ്റ്റോക്കും നഷ്ടക്കണക്കും വിശദമായി എഴുതി നൽകാൻ വ്യാപാരികൾക്ക് അഗ്നിരക്ഷാസേന നിർദേശം നൽകി.തീപിടിത്തത്തിൽ റോജ സിൽക്സിന്റെ ക്യാഷ് കൗണ്ടർ ഉൾപ്പെടെ നശിച്ചതിനെ തുടർന്ന് 3.50 കോടി രൂപയുടെ നഷ്ടമാണ് ഉടമ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോക് ടെയിൽ ടെക്സ്റ്റയിലിന്റെ എയർ കണ്ടിഷനും ഇന്റീരിയർ മെറ്റിരിയലുകളും വസ്തങ്ങളുമുൾപ്പടെ 1.50 കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്.കുമാർ ജൂവലറിയിൽ 50 പവൻ സ്വർണാഭരണങ്ങൾ തീയിലുരുകിപ്പോയെന്ന് ഉടമ അജിത് കുമാർ പറഞ്ഞു.ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മൊബൈൽ ഷോപ്പിൽ പുതിയതായി വില്പനയ്ക്കെത്തിച്ച 30 ലക്ഷം രൂപ വിലവരുന്ന ഫോണുകൾ നശിച്ചു.ക്യാഷ് കൗണ്ടറുൾപ്പടെ 60 ലക്ഷമാണ് നഷ്ടം.റോജ സിൽക്സിന് സമീപം പ്രവർത്തിച്ചിരുന്ന ബ്രാൻഡ് ഹൗസ് എന്ന റെഡിമെയ്ഡ് ഷോപ്പിൽ 10 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ കത്തിപ്പോയതായി ഉടമ പറഞ്ഞു.ഇതിനടുത്തുള്ള മുരുക വിലാസം എന്ന വീടിന്റെ രണ്ടാംനിലയിൽ തീ പടർന്നതിനെ തുടർന്ന് 11 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പരാതിപ്പെട്ടു.വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു.നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ.കെ.പിയും തഹസിൽദാർ നന്ദകുമാരനും നേരിട്ടെത്തി ഉടമകളുടെ മൊഴിയെടുത്തു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയതായി തഹസീൽദാർ പറഞ്ഞു.അഗ്നിബാധയുടെ ഉറവിടം കണ്ടെത്താനായില്ല.സി.സി ടിവി ക്യാമറകൾ പരിശോധിച്ച് ഇക്കാര്യത്തിൽ ഉറപ്പ് വരുത്തും.വ്യാപാരികൾക്ക് ഇൻഷ്വറൻസ് ക്ലൈം ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ പരിശോധനകൾ പൂർത്തിയായാലുടൻ വിതരണം ചെയ്യുമെന്ന് ഫയഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ നായർ പറഞ്ഞു.ജി.ആർ.അനിൽ എം.എൽ.എ,നഗരസഭ ചെയർമാൻ ആർ.ജയദേവൻ,വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ,വിവിധ സംഘടനാ നേതാക്കൾ എന്നിവർ അത്യാഹിതം നേരിട്ട വ്യാപാരികളെ സന്ദർശിച്ചു.
ഫയർഫോഴ്‌സ് അരമണിക്കൂർ വൈകിയെന്ന് പരാതി
അത്യാഹിതസ്ഥലത്ത് ഫയർഫോഴ്‌സ് അരമണിക്കൂർ വൈകിയെന്ന് ആർ.ഡി.ഒയ്ക്ക് പരാതി.സംഭവസ്ഥലം സന്ദർശിച്ച ആർ.ഡി.ഓ ജയകുമാർ കെ.പിയോട് വ്യാപാരികളും നാട്ടുകാരുമാണ് പരാതിയുമായി എത്തിയത്.ടൗണിൽ നിന്ന് നാല് കി.മീറ്റർ മാറി കുശർകോടുള്ള ഇടുങ്ങിയ സ്ഥലത്താണ് ഫയർഫോഴ്‌സ് റെസ്ക്യു കേന്ദ്രം പ്രവർത്തിക്കുന്നത്.ഇവിടെ വാട്ടർ ഔട്ട് ലൈറ്റുകൾ ഇല്ല.ഇടുങ്ങിയ റോഡുകൾ താണ്ടി കരമനയാറിൽ നിന്ന് വെള്ളം സംഭരിച്ച് ഫയർ എഞ്ചിൻ യൂണിറ്റുകൾ എത്തിയപ്പോഴേക്കും വ്യാപാര സമുച്ഛയത്തിൽ തീ പടർന്നിരുന്നു.ഇക്കാര്യം അന്വേഷിച്ച് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടത്.ഇതനുസരിച്ച് ഫയർ സ്റ്റേഷൻ നഗര ഹൃദയത്തിലേക്ക് മാറ്റുന്നതിനും വിവിധ ഭാഗങ്ങളിൽ വാട്ടർ ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതിനും ശുപാർശ നൽകുമെന്ന് ആർ.ഡി.ഒയും തഹസിൽദാരും വ്യാപാരികൾക്ക് ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |