പത്തനാപുരം : ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ അച്ചൻകോവിലിലെ രണ്ട് റേഷൻ കടകൾ അധികൃതർ സസ്പെൻഡ് ചെയ്തു. നിരവധി പരാതികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി അനൂപ് ജേക്കബ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. അച്ചൻകോവിൽ പ്രദേശത്ത് രണ്ട് റേഷൻ കടകളാണ് പ്രവർത്തിച്ചുവരുന്നത്. ഇതിൽ ഉൾപ്പെട്ട ഒരു റേഷൻ കടയിൽ സ്റ്റോക്ക് കുറവും കേടായ അരിയും മുൻപ് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷമായി ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇപ്രകാരം സസ്പെൻഡ് ചെയ്ത് അറ്റാച്ച് ചെയ്ത് പ്രവർത്തിക്കുന്ന കടകളിൽ ഒന്നിലാണ് വീണ്ടും ഭക്ഷ്യധാന്യങ്ങൾ കേടായ നിലയിൽ കണ്ടെത്തിയത്. ഒരു ലൈസൻസിയുടെ മേൽനോട്ടത്തിലാണ് രണ്ട് കടകളും ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ 4850 കിലോഗ്രാമിലധികം ഭക്ഷ്യധാന്യ സ്റ്റോക്ക് കേടായ നിലയിൽ കണ്ടെത്തിയതായും 2760 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കിൽ വ്യത്യാസമുള്ളതായും റിപ്പോർട്ട് ചെയ്തു. റാൻഡം സാമ്പിൾ ശേഖരിച്ച് സപ്ലൈകോ ക്വാളിറ്റി കൺട്രോളർ നടത്തിയ പരിശോധനയിൽ, സ്റ്റോക്ക് നിലവാരമില്ലാത്തതും കാളീറ്റയായി മാത്രം ഉപയോഗിക്കാവുന്നതുമാണെന്ന പ്രാഥമിക റിപ്പോർട്ട് ലഭിച്ചിരുന്നു.
തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറും സപ്ലൈ ക്വാളിറ്റി വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി റേഷൻ കടയിൽ നടത്തിയ വിശദ പരിശോധനയിൽ ചില ചാക്കുകളിലെ സ്റ്റോക്ക് പൂർണമായും കേടായതും ചില ചാക്കുകളിലെ സ്റ്റോക്കിൽ കീടബാധ ഉണ്ടായിരുന്നതായും കണ്ടെത്തി.
ഗുണനിലവാരം കുറഞ്ഞ കീടബാധയുള്ള സ്റ്റോക്ക് ക്ലീനിംഗ് നടത്തി ഉപയോഗയോഗ്യമാക്കാവുന്ന തരത്തിലുള്ളതാണെന്ന് കണ്ടെത്തിയവ, നിലവിലുള്ള നടപടിക്രമപ്രകാരമുള്ള ക്വാളിറ്റി കൺട്രോളറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മിൽ ക്ലീനിംഗ് നടത്തുന്നതിന് ഉത്തരവ് നൽകിയിട്ടുള്ളതാണ്. അതിന്റെ ചെലവും നഷ്ടവും റേഷൻ കടക്കാരനിൽ നിന്ന് ഈടാക്കും.
ക്ലീനിംഗ് നടത്തിയ ശേഷം ലഭിക്കുന്ന സ്റ്റോക്ക് വീണ്ടും ക്വാളിറ്റി പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാരം ഉറപ്പാക്കി മാത്രമേ റേഷൻ കട മുഖേന വിതരണം ചെയ്യുകയുള്ളൂ. ഇതിനനുസരിച്ച്, നിലവിലുള്ള സ്റ്റോക്ക് കുന്നന്താനത്ത് പ്രവർത്തിക്കുന്ന ക്ലീനിംഗ് മില്ലിൽ എത്തിച്ച് ക്ലീനിംഗ് നടപടികൾ പുരോഗമിച്ചുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സംഭവിച്ച നഷ്ടം ബന്ധപ്പെട്ട റേഷൻ കടക്കാരനിൽ നിന്ന് ഈടാക്കുന്നതിനായി കുറ്റപത്രം നൽകി തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |