
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേർ വെള്ളറട പൊലീസിന്റെ പിടിയിലായി. പൂന്തുറ ബീമാപള്ളി പുതുവൽ ടി.സി 46/1071ൽ നാസർ (45),പൂന്തുറ മാണിക്കവിളാകം ടി.സി 69/965ൽ ഷർജാദ് (25) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളറട ആനപ്പാറയിലുള്ള പാലയ്ക്കൽ ഫിനാൻസിൽ മുക്കുപണ്ടവുമായി പണയംവയ്ക്കാനെത്തിയപ്പോഴാണ് സംശയം തോന്നിയ ഉടമ വെള്ളറട പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ഇവരെ അറസ്റ്റുചെയ്തതോടെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മുക്കുപണ്ടം പണയം വച്ച് ഇവർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുത്തിപ്പള്ളിയിലും അമ്പൂരി തട്ടാം മുക്കിലെ വൃന്ദാവൻ ഫിനാൻസിലും ഇവരാണ് തട്ടിപ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഫിനാൻസ് ഉടമകളുടെ പരാതിയിൽ നെയ്യാർഡാം പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് പ്രതികളെ വെള്ളറട പൊലീസ് നെയ്യാർഡാം പൊലീസിന് കൈമാറി. വെള്ളറട സി.ഐ ശ്രീകുമാർ,എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പണമിടപാട് സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നതിനെ തുടർന്ന് ഉടമകൾ ഇവരുടെ ദൃശ്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചിരുന്നതും പ്രതികളെ പിടികൂടാൻ സഹായമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |