
തിരുവനന്തപുരം: തലസ്ഥാനത്ത് തീരസംരക്ഷണ സേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം യാഥാർത്ഥ്യമാകാൻ (കോസ്റ്റ്ഗാർഡ് എൻക്ലേവ്) ഇനിയും വൈകും. നിർമ്മാണത്തിനായി പേട്ട വില്ലേജിൽ ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപന കാലാവധി ആറുമാസം കൂടി നീട്ടി. നേരത്തേ റവന്യൂവകുപ്പ് പുറപ്പെടുവിച്ച കാലാവധി കഴിഞ്ഞ 23ന് അവസാനിച്ചിരുന്നു.
2023 സെപ്തംബറിൽ നടപടി തുടങ്ങിയതാണെങ്കിലും ഭൂമിയേറ്റെടുക്കൽ അനന്തമായി നീളുകയാണ്. മാർച്ചുവരെ നീട്ടിയാണ് അഡി.സെക്രട്ടറി എ.ഗീത വിജ്ഞാപനമിറക്കിയത്. കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനുമായാണ് ആഭ്യന്തര വിമാനത്താവളത്തിന് സമീപത്തായി എൻക്ലേവ് നിർമ്മിക്കുന്നത്. ചെറിയതുറ വാർഡിൽ വലിയതോപ്പിന് സമീപത്തായി പേട്ട വില്ലേജിൽപെട്ട 0.2832ഹെക്ടർ ഭൂമിയേറ്റെടുക്കാൻ ജില്ലാകളക്ടർ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു.
സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ യൂണിറ്റിന്റെ എയർവിംഗ്,ടെക്നിക്കൽ ഏരിയ എന്നിവയടങ്ങിയതാണ് എയർഎൻക്ലേവ്. വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സ്റ്റേഷനുകളിൽ ഫാസ്റ്റ് പട്രോളിംഗ് കപ്പലുകളും ഇന്റർസെപ്ടർ ബോട്ടുകളുമുണ്ടെങ്കിലും കൊച്ചിയിൽ നിന്നാണ് വ്യോമസഹായം ലഭിക്കേണ്ടത്. എയർഎൻക്ലേവിനായി ആഭ്യന്തര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിനോട് ചേർന്ന 1.42 ഏക്കർ സ്ഥലം എയർപോർട്ട് അതോറിട്ടി തീരസംരക്ഷണ സേനയ്ക്ക് അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
പിന്നീട് വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനിഗ്രൂപ്പ്,വിമാനത്താവള വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയശേഷം ഭൂമി നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന് നിലപാടെടുത്തു. ഇതോടെയാണ് ചെറിയതുറയിലെ സ്വകാര്യഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്. വിമാനത്താവളത്തിന്റെ ഭൂമിക്ക് പുറമെയാണിത്,പണം തീരസംരക്ഷണസേന സർക്കാരിന് നൽകും.
രക്ഷാദൗത്യം വേഗത്തിലാവും
തലസ്ഥാനത്ത് എയർസ്ട്രിപ്പില്ലാത്തത് കടലിലെ രക്ഷാദൗത്യങ്ങൾക്ക് തടസമായതിനാലാണ് എൻക്ലേവിന് 2019ൽ
കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. എൻക്ലേവ് വരുന്നതോടെ രക്ഷാദൗത്യം വേഗത്തിലാകും.
വിഴിഞ്ഞത്തേക്കുള്ള കപ്പലുകളുടെ എണ്ണവും കൂടി. ചരക്കുകപ്പലുകൾ മുങ്ങിയതടക്കം പുറംകടലിൽ അപകടങ്ങളുമുണ്ടായി. അടിയന്തര ആവശ്യങ്ങൾക്ക് കൊച്ചിയിൽ നിന്ന് വിമാനങ്ങളും കോപ്ടറുകളുമെത്തിക്കാതെ ഇവിടെത്തന്നെ ഇവ സജ്ജമാക്കാം.
എൻക്ലേവ് വരുന്നതോടെ ഒരേസമയം നാലു വിമാനങ്ങൾക്ക് ഇവിടെ നിന്ന് രക്ഷാപ്രവർത്തനം നടത്താം. കടലിലെ തെരച്ചിലടക്കം തീരസംരക്ഷണ സേനയുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാവും.
നെടുമ്പാശേരി വിമാനത്താവളത്തോട് ചേർന്ന് കൊച്ചിയിലെ കോസ്റ്റ്ഗാർഡിന്റെ എൻക്ലേവ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അഞ്ച് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാം. മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള തീരനിരീക്ഷണ ഏകോപനം കൊച്ചിയിലാണ്.
10.96കോടി
എൻക്ലേവിന് 2019ൽ കണക്കാക്കിയ
ചെലവ്. ഇത് കേന്ദ്രം വഹിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |