
തിരുവനന്തപുരം: പൈപ്പിടാൻ റോഡ് വെട്ടിക്കുഴിക്കുന്നതുമൂലമുള്ള ദുരിതം ഒഴിവാക്കാൻ പുതിയ സംവിധാനം വരുന്നു.ഡൽഹിയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന മൈക്രോ ടണലിംഗ് രീതി വൈകാതെ തലസ്ഥാനത്തും നടപ്പാകും. സ്വീവേജ് പൈപ്പ് സ്ഥാപിക്കുന്നതിന് മൈക്രോ ടണലിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള ആദ്യപദ്ധതിക്ക് ഭരണാനുമതിയായി. പാങ്ങോട് ഭാഗത്താവും 14 മീറ്ററോളം സ്ഥലത്ത് ഈ യന്ത്രസംവിധാനം ഉപയോഗിച്ച് ആദ്യമായി പൈപ്പ് സ്ഥാപിക്കുക. പാങ്ങോട്,പൂജപ്പൂര വാർഡുകളിലും വലിയശാലയുടെ കുറച്ചുഭാഗത്തും പ്രയോജനകരമാവുന്ന രീതിയിലാണ് സ്വീവേജ് പൈപ്പ് ലൈൻ വരുന്നത്. 5000 വീട്ടുകാർക്ക് ഗുണകരമാകും.
സാധാരണരീതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനെക്കാൾ 5 ഇരട്ടി ചെലവ് കൂടുതലാണ്.എന്നാൽ റോഡ് പൊളിച്ചുള്ള നിർമ്മാണത്തിന് വേണ്ടിവരുന്ന ചെലവ് ഒഴിവാകുന്നതിനാൽ കാര്യമായ നഷ്ടം വരില്ലെന്നാണ് വിലയിരുത്തൽ.മുറിഞ്ഞപാലം-കുമാരപുരം റോഡ് പൈപ്പ് ലൈനിനായി അടുത്തിടെ 120 മീറ്റർ കുഴിച്ചിരുന്നു.റോഡിന്റെ പുനർനിർമ്മാണത്തിന് വേണ്ടിവന്ന ചെലവ് 31 ലക്ഷം രൂപയാണ്.ആകെ കോർപ്പറേഷൻ അനുവദിച്ചത് 40 ലക്ഷവും.ഇത്തരത്തിൽ റോഡ് പുനർനിർമ്മാണം വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ പുതിയ പൈപ്പ് സ്ഥാപിക്കലിനും അറ്റകുറ്റപണിക്കും മൈക്രോ ടണലിംഗ് പ്രയോജനകരമാകും.പാറ്റൂർ-ഈഞ്ചക്കൽ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കലടക്കം ഇനിയുള്ള പ്രവർത്തനങ്ങൾക്ക് മൈക്രോ ടണലിംഗ് ഉപയോഗിക്കാനാണ് ആലോചന.
മൈക്രോ ടണലിംഗ് ഇങ്ങനെ
മൈക്രോ ടണലിംഗിനായി ഒരിടത്ത് കുഴികുഴിച്ച് മെഷീൻ അതിലേക്ക് ഇറക്കും.തുടർന്ന് മെഷീൻ മണ്ണ്തുരന്ന് പൈപ്പിനെ ഭൂമിക്കടിയിലൂടെ മുന്നോട്ടുകൊണ്ടുപോകും.ഉറപ്പുള്ള മണ്ണുള്ളസ്ഥനങ്ങളിൽ ഇത് കാര്യക്ഷമമായി നടപ്പാക്കാനാവും.റോഡുകൾ ക്രോസ് ചെയ്തും അല്ലാതെയും ടാർ കട്ടിംഗ് കഴിയുന്നത്ര ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇത്തരം ജോലികൾ ചെയ്യുന്ന കമ്പനികളുണ്ട്.
ഡ്രെയിനേജ് സംവിധാനം വിപുലമാക്കാം
നഗരത്തിൽ 43 വാർഡിലാണ് നിലവിൽ ഡ്രെയിനേജ് സംവിധാനമുള്ളത്.കൂടുതൽ വാർഡുകളിലേക്ക് പൈപ്പുകൾ സ്ഥാപിക്കാൻ മൈക്രോ ടണലിംഗ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |