തിരുവനന്തപുരം: ഭക്ഷണശാലകളിലെ ശുചിത്വക്കുറവ് പകർച്ചവ്യാധി ഭീഷണിയടക്കം ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് നഗരസഭ.ഇതു സംബന്ധിച്ച 'കേരളകൗമുദി' റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളടക്കം ഭക്ഷണവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കുമെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു.വിഷയം ഗൗരാവമുള്ളതാണ്.പഴകിയ ഭക്ഷണ വിതരണം തടയാനും ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാനും നിലവിൽ നഗരസഭ ആരോഗ്യ വിഭാഗം കാര്യക്ഷമമായ പരിശോധന നടത്തുന്നുണ്ട്. വൻകിട ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെ പരിശോധന തുടരുന്നു.നിലവാരമുള്ള ഭക്ഷണം നൽകുന്നതിനൊപ്പം അത് ശുചിത്വപൂർവം വിളമ്പുന്നുവെന്ന് ഉറപ്പാക്കാനും നഗരസഭ ഇടപെടും.ഭക്ഷണവിതരണത്തിന് വൃത്തിയുള്ള ഗ്ലൗസ് ഉപയോഗിക്കുന്നതടമുളള കാര്യം ഉറപ്പാക്കുമെന്നും മേയർ പറഞ്ഞു.
പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും
ഭക്ഷണശാലകളിൽ തൊഴിലാളികളുടെ വ്യക്തി ശുചിത്വം ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.ഭക്ഷണ ഗുണനിലവാരത്തിനൊപ്പം അത് വിതരണം ചെയ്യുന്ന സാഹചര്യവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കും.ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ 'തെളിമ' തുടരും
ഹോട്ടലുകളിലെയും തട്ടുകടകളിലെയും പാചക എണ്ണയുടെ ദുരുപയോഗത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ 'തെളിമ' തുടരുകയാണ്. ഭക്ഷണശാലകളിൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കപ്പെടുന്ന സാഹചര്യം വ്യാപകമായതിനെത്തുടർന്നാണിത്. 1834 സ്ഥാപനങ്ങളിലാണ് സംസ്ഥാനത്ത് പരിശോധന നടത്തിയതിൽ 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു. 449 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.ഹോട്ടലുകൾ,റസ്റ്റാറൻറുകൾ, ചായക്കടകൾ,തട്ടുകടൾ,പൊരിച്ച പലഹാരങ്ങൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഈവനിംഗ്-നൈറ്റ് സ്‌ക്വാഡുകളുടെ പരിശോധന.ഇത്തരം പരിശോധന വരുംദിവസങ്ങളിൽ തലസ്ഥാന ജില്ലയിലടക്കം തുടരാനാണ് നർദ്ദേശം. 'തെളിമയുള്ള എണ്ണ, സുരക്ഷിതമായ കേരളം, ആരോഗ്യകരമായ കേരളം' എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |