SignIn
Kerala Kaumudi Online
Sunday, 25 October 2026 7.39 AM IST

നഗരസഭയിലെ വ്യാജ ഒപ്പ് കേസ്: മേയർ ഒന്നാം പ്രതി

s

തിരുവനന്തപുരം: കൗൺസിൽ യോഗങ്ങളുടെ ഹാജർബുക്കിൽ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തു. ആർ.സുഗതൻ രണ്ടാം പ്രതിയും നഗരസഭ സെക്രട്ടറി മൂന്നാം പ്രതിയുമാണ്.
സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്കിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസെടുത്തത്. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് മ്യൂസിയം സി.ഐ റിപ്പോർട്ട് നൽകിയിരുന്നു. ജൂൺ ഒമ്പതിനാണ് കാപ്പാക്കേസിൽ സുഗതൻ വട്ടിയൂർക്കാവ് പൊലീസിന്റെ പിടിയിലാകുന്നത്.

എന്നാൽ അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ ഇതിനു മുമ്പുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്നാണ് എൽ.ഡി.എഫിന്റെ പരാതി. ഫെബ്രുവരി 26,മാർച്ച് 11,ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ വ്യാജ ഒപ്പിട്ടെന്നാണ് ആരോപണം. പരാതിയെത്തുടർന്ന് മ്യൂസിയം പൊലീസ് കോർപ്പറേഷൻ ആസ്ഥാനത്തെത്തി മേയറുടെ ഓഫീസിലെ ഹാജർബുക്ക് ഉൾപ്പെടെ പരിശോധിച്ചിരുന്നു. കരുതൽ തടവ് കോടതി റദ്ദാക്കിയതിനെത്തുടർന്ന് സുഗതൻ കഴിഞ്ഞദിവസം ജയിൽ മോചിതനായിരുന്നു.

അഞ്ചുകോടി നഷ്ടപരിഹാരം, ദീപക്കിന്

വക്കീൽ നോട്ടീസ് അയച്ച് മേയർ

വ്യാജ ഒപ്പ് ആരോപണവുമായി ബന്ധപ്പെട്ട് എസ്.പി. ദീപക്കിനെതിരെ മേയർ വി.വി. രാജേഷ് വക്കീൽ നോട്ടീസ് അയച്ചു. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഡ്വ. സെന്തിൽ കുമാർ മുഖേന നോട്ടീസ് അയച്ചത്. ആരോപണങ്ങൾ വ്യാജമാണെന്നും തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണിത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

സുഗതൻ പങ്കെടുത്തതിന്റെ

ഫോട്ടോ പുറത്തുവിട്ട് മേയർ

മൂന്ന് കൗൺസിൽ യോഗങ്ങളിൽ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ പങ്കെടുത്തില്ലെന്ന പ്രതിപക്ഷ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഏപ്രിൽ 27ലെ യോഗത്തിൽ ആർ. സുഗതൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ മേയർ വി.വി.രാജേഷ് പുറത്തുവിട്ടു. വിവിധ ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് മേയർ പുറത്തുവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL