കഴക്കൂട്ടം: മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച ജീപ്പ്,എതിർദിശയിൽ വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ആറ്റിങ്ങൽ അവനവഞ്ചേരി വലിയക്കുന്ന് ഉത്രട്ടാതിയിൽ (എം.എൻ.ആർ.എ-7) അക്ഷയ് കെ. ദാസിനാണ് (27) പരിക്കേറ്റത്.
ആക്സിസ് ബാങ്ക് ലിമിറ്റഡിൽ സീനിയർ ബിസിനസ് അനലിസ്റ്റായിരുന്നു അക്ഷയ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9ഓടെയായിരുന്നു അപകടം.ആറ്റിങ്ങൽ ഭാഗത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം വച്ച് അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടശേഷം ജീപ്പ് ഡ്രൈവറോ ഒപ്പമുണ്ടായിരുന്നവരോ വാഹനം നിറുത്താനോ പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകാനോ തയ്യാറായില്ല. തുടർന്ന് വാഹനം സി.ആർ.പി.എഫിന് സമീപം വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ജീപ്പ് ഡ്രൈവർ മദ്യപിച്ചിരുന്നതായും പാതിമയക്കത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്യാം (33),വർക്കല സ്വദേശി സഞ്ജു (38),വാമനപുരം സ്വദേശി അഭിജിത്ത് (36) എന്നിവർക്കെതിരെ മംഗലാപുരം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |