
കാട്ടാക്കട: കൊല്ലോട് കോട്ടപ്പുറത്ത് വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച 'ഒപ്പം വനിതാമന്ദിരത്തിന്റെ 'നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഐ.ബി.സതീഷ് എം.എൽ.എ വിഭാവനം ചെയ്ത 'ഒപ്പം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാമന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്.
കാട്ടാക്കടയെ 'സ്ത്രീസൗഹൃദ' മണ്ഡലമാക്കുന്നതിന്റെ ഭാഗമായാണ് വനിതാമന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. സ്ത്രികൾക്കായി സെമിനാറും ബോധവത്കരണ ക്ലാസുകളും നടത്താൻ കോൺഫറൻസ് ഹാൾ,സാങ്കേതികപരിജ്ഞാനം നൽകാൻ പരിശീലന കേന്ദ്രങ്ങൾ,മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണകേന്ദ്രം,സ്വയംതൊഴിൽ പരിശീലന സംവിധാനങ്ങൾ,കാത്തിരിപ്പ് കേന്ദ്രം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 58.23 ലക്ഷം രൂപയാണ് കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. 'കോസ്റ്റ് ഫോർഡി'നായിരുന്നു നിർമ്മാണച്ചുമതല. മൂന്നുനില മന്ദിരം പൂർണമായും'മുള'യിൽ നിർമ്മിക്കാനായിരുന്നു തീരുമാനം. 2021ൽ ജോലികൾ തുടങ്ങിയ മന്ദിരം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് 5 വർഷമായി. കെട്ടിടത്തിന്റെ ഒരുനില പൂർത്തിയായപ്പോൾ സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയായി. ബില്ലുകൾ മാറാതായപ്പോൾ 'കോസ്റ്റ് ഫോർഡ്' പണി നിറുത്തുകയായിരുന്നു.
വിപണനകേന്ദ്രത്തിന് കഷ്ടകാലം
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റേതായി പൂർത്തിയാക്കിയ എസ്.ജി.എസ്.വൈ പദ്ധതിയിലെ കിള്ളി വിപണനകേന്ദ്രവും പൂട്ടിയ നിലയിലാണ്. 2010ൽ അനുമതി ലഭിച്ച് 2012ൽ ഉദ്‌ഘാടനം ചെയ്തതാണ് ഈ ഇരുനില മന്ദിരം. കുറച്ചുനാൾ കുടുംബശ്രീയുടെ പ്രവർത്തനമുണ്ടായിരുന്നെങ്കിലും പിന്നീട് കെട്ടിടം പൂട്ടുകയിരുന്നു.
ഇവിടം കാടുപിടിച്ച് നശിക്കുകയാണ്. കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രവർത്തനങ്ങൾക്ക് കാട്ടാക്കട ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ട് 2 വർഷമായിട്ടും തുറക്കാൻ കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |