SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

എം.ഡി.എം.എ കേസ് വിവരം നൽകിയതിന്റെ വിരോധം, യുവാവിനെ ആക്രമിച്ചു, കാർ തല്ലിത്തക‌ർത്തു

 മൂന്നുപേർക്കെതിരെ കേസ്


കഴക്കൂട്ടം: കഠിനംകുളത്ത് എം.ഡി.എം.എ കേസ് പ്രതിയെക്കുറിച്ചുള്ള വിവരം പൊലീസിന് നൽകിയെന്ന വിരോധത്തിൽ യുവാവിനെ ആക്രമിച്ച ശേഷം കാർ അടിച്ചുതകർത്തു. സംഭവത്തിൽ മൂന്നുപേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിൻസെന്റിനെയാണ് പുത്തൻതോപ്പ് പൗരസമിതി ജംഗ്ഷന് സമീപത്തുവച്ച് ഇന്നലെ പുലർച്ചെ ഒന്നോടെ ആക്രമിച്ചത്.

എം.ഡി.എം.എ കേസിൽ പ്രതിയായ അസ്ജറിനെ പൊലീസ് പിടികൂടിയത് വിൻസെന്റ് (36) വിവരം നൽകിയിട്ടാണെന്ന സംശയവും വിരോധവുമാണ് ആക്രമണത്തിന് കാരണം. അറ്റകുറ്റപ്പണിക്കായി വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാർ വിൻസെന്റ് വീടിനു മുന്നിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന സമയത്ത് പ്രതികളായ സനൽ ഖാനി,സജാദ്,ജോഷി ജെറാൾഡ് എന്നിവർ സ്ഥലത്തെത്തുകയും വെട്ടുകത്തി ഉപയോഗിച്ച് കാറിന്റെ പിറകുവശത്തെയും വലത്തുവശത്തെയും ഗ്ലാസുകൾ അടിച്ചു തകർക്കുകയുമായിരുന്നു.

കാർ തകർക്കുന്ന ശബ്ദം കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിൻസെന്റിനെ പ്രതികൾ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ?

'ഞാൻ ഒരു കൊലക്കേസ് പ്രതിയാണ്, നിന്നെ വീട്ടിൽ കയറി കൊന്നുകളയും" എന്ന് ആക്രോശിച്ചുകൊണ്ട് ഒന്നാം പ്രതിയായ സനൽ ഖാനി കൈവശമുണ്ടായിരുന്ന വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് വിൻസെന്റിന്റെ ഇടതു കൈയിൽ അടിക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റ് പ്രതികൾ ചേർന്ന് വിൻസെന്റിനെ കൈയേറ്റം ചെയ്തു.

ആക്രമണത്തിന് ശേഷം വാഹനത്തിൽ കയറി പ്രതികൾ പെരുമാതുറ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വിൻസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ അനൂപ് എം.എൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL