പ്രതിയെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതി രവീന്ദ്രൻ നായരെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് നാലുവരെയാണ് കസ്റ്റഡി അനുവദിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം മാത്രമേ കൊലപാതകത്തിൽ പങ്കുള്ള മറ്റുപ്രതികളെ അറസ്റ്റ് ചെയ്യാനാകൂ. രവീന്ദ്രൻ നായരെ വിശദമായി ചോദ്യം ചെയ്ത് കൊലപാതകം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതി ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ സ്വത്തു തട്ടിയെടുക്കാൻ വ്യാജരേഖകൾ തയ്യാറാക്കിയതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ നിരത്തിയാകും ചോദ്യംചെയ്യൽ.
കൊലപാതകത്തിലും വ്യാജ ആധാരം രജിസ്റ്റർ ചെയ്തതിലും സഹായിച്ചവരെയും ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ട്. രവീന്ദ്രൻ നായരുടെ മൊഴിയെ ആശ്രയിച്ചായിരിക്കും ഇവരുടെ ഭാവി. ഇവരെയും ചോദ്യംചെയ്യും. കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെ കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഈ കുടുംബത്തിലെ ഏഴുപേരാണ് ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |