നെടുമങ്ങാട്: മാനസിക ഉന്മേഷത്തിനും വ്യായാമത്തിനും 'സ്പായും ജിമ്മും" തേടുന്നവരുടെ എണ്ണം പെരുകിയതോടെ മസാജിംഗ് പാർലറുകൾക്കും ബോഡി ഫിറ്റ്നസ് സെന്ററുകൾക്കും സുവർണകാലം. തൊഴിൽ രഹിതർക്ക് മികച്ച വരുമാന മാർഗമാണ് ഈ നൂതന സംരംഭങ്ങൾ. ഗ്രാമീണ മേഖകളിൽ സ്പായും ജിമ്മും കൂണ് പോലെ മുളയ്ക്കുകയാണ്. ഉറപ്പുള്ള ബിസിനസ് സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ ലക്ഷങ്ങൾ വായ്പ നല്കാൻ ബാങ്കുകളും തയ്യാറാണ്. ബോഡി മസാജ്, ഫേഷ്യൽ, പെഡിക്യൂർ, മാനിക്യൂർ, ആയുർവേദ തെറാപ്പികൾ തുടങ്ങിയ സർവീസുകളാണ് സ്പാകളിൽ ലഭിക്കുന്നത്.
വ്യായാമം പരിശീലിപ്പിക്കാൻ ട്രെഡ്‌മില്ലുകൾ, എക്സർസൈസ് ബൈക്കുകൾ, ക്രോസ് ട്രെയിനറുകൾ മുതലായ കാർഡിയോ ഉപകരണങ്ങളും ലെഗ് പ്രസ്,ചെസ്റ്റ് പ്രസ്,ലാറ്റ് പുൾഡൗൺ തുടങ്ങിയ സ്ട്രെങ്ത് ട്രെയിനിംഗ് മെഷീനുകളും വിവിധ കിലോകളിലുള്ള ഡംബെല്ലുകൾ,ബാർബെല്ലുകൾ,വെയ്റ്റ് പ്ലേറ്റുകൾ,ബെഞ്ചുകൾ തുടങ്ങിയ ഫ്രീ വെയ്റ്റുകളും ഫിറ്റ്നസ് സെന്ററുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
നെടുമങ്ങാട് റവന്യു ടവർ ഉൾപ്പടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി മുപ്പതോളം മസാജിംഗ് പാർലറുകളും ഫിറ്റ്നസ് സെന്ററുകളും പ്രവർത്തിക്കുന്നതായാണ് നഗരസഭ രേഖകളിലുള്ളത്. നഗരസഭ സ്വന്തം നിലയിൽ തുടങ്ങിയ വനിതാ ജിംനേഷ്യവും പാർലറും ഫലപ്രദമായി പ്രവർത്തിക്കുന്നണ്ട്.ഇതര തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്തെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ പാർലറുകളും ഫിറ്റ്നസ് സെന്ററുകളും വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ്.
സ്പായും ജിമ്മും ആരംഭിക്കാൻ ലൈസൻസ് വേണം
• തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ട്രേഡ് ലൈസൻസ്
• ഹെൽത്ത് ലൈസൻസ്
• ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്
• ജി.എസ്.ടി രജിസ്‌ട്രേഷൻ
• പൊലീസ് ക്ലിയറൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |