SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

കളിമൺ പാത്രവ്യവസായം പ്രതിസന്ധിയിൽ

നെയ്യാറ്റിൻകര: കളിമണ്ണിന്റെ ലഭ്യതക്കുറവും സർക്കാരിന്റെ അവഗണനയും കാരണം പരമ്പരാഗത മൺപാത്ര നിർമ്മാണവ്യവസായം അനിശ്ചിതത്വത്തിൽ. നെയ്യാറ്റിൻകരയിലെ വഴുതൂ‌ർ പ്രദേശത്ത് മാത്രം ഈ തൊഴിൽ ചെയ്യുന്ന 300ലേറെ കുടുംബങ്ങളാണ് തൊഴിൽ പ്രതിസന്ധിയിലുള്ളത്. വൻ വിലകൊടുത്താണ് അത്യാവശ്യത്തിനുള്ള കളിമണ്ണ് ഇറക്കുന്നതെന്ന് മൺപാത്ര നി‌‌‌ർമ്മാണത്തൊഴിലാളികൾ പറയുന്നു. കളിമണ്ണ് മുൻപ് വിലകൊടുത്ത് വാങ്ങാമായിരുന്നു. ഇന്നതിന് കഴിയുന്നില്ല. സർക്കാർ നിയമനിർമ്മാണത്തിലെ അപാകത കാരണം തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറിപ്പോവുകയാണ്.

നെയ്യാറ്റിൻകരയിലെ തൊഴുക്കലിൽ പ്രവ‌ർത്തിക്കുന്ന കളിമൺനിർ‌മ്മാണ തൊഴിലാളി സഹകരണ സംഘത്തിനാകട്ടെ തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാനുള്ള പരിഗണന നൽകുന്നില്ലെന്നും പരാതിയുണ്ട്.

മൺപാത്രങ്ങൾ പരമ്പരാഗതമായി നിർമ്മിച്ചിരുന്ന തൊഴുക്കലിൽ ഈ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പാറശാലയിലെ നെടുവാൻവിള,ചെങ്കലിലെ കാരിയോട് എന്നിവിടങ്ങളിലും മൺപാത്രങ്ങൾ കുലത്തൊഴിലായി നിർമ്മിക്കുന്നവരുണ്ട്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും ഈ തൊഴിൽ ഏതാണ്ട് നിലച്ചമട്ടാണ്.

കളിമണ്ണ് ലഭിക്കാൻ കടമ്പകളേറെ

മൺപാത്രങ്ങൾ നിർമ്മിക്കാനായുള്ള കളിമണ്ണിന്റെ ലഭ്യതക്കുറവാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി. പരമ്പരാഗതമായി മൺപാത്രങ്ങൾ നിർമ്മിക്കുന്ന ഒരു കുടുംബത്തിന് റോയൽറ്റി നൽകാതെ 50ടൺ വരെ കളിമണ്ണ് ഖനനം ചെയ്തെടുക്കാൻ 2015ലെ സർക്കാരിന്റെ കാലത്ത് ഉത്തരവ് ഇറങ്ങിയിരുന്നു. ഖനനത്തിന് വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ, ജിയോളജി വകുപ്പിന്റെ പരിശോധന തുടങ്ങിയവയുണ്ടെങ്കിൽ മാത്രമേ കളിമണ്ണ് നിയമാനുസൃതം കൊണ്ടുവരുവാൻ കഴിയുകയുള്ളു. കളിമൺ ഖനനത്തിന് അതത് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള എൻ‌.ഒ.സി മാത്രമായി പരിമിതപ്പെടുത്തിയാൽ ഈ വ്യവസായം വീണ്ടും പച്ചപിടിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

പരമ്പരാഗത തൊഴിലായി അംഗീകരിച്ചിട്ടില്ല

മൺപാത്ര നിർമ്മാണ തൊഴിൽ പരമ്പരാഗത വ്യവസായമായിട്ടും സർക്കാർ ഇത് പരമ്പരാഗത തൊഴിലായി അംഗീകരിച്ചിട്ടില്ല. അതിനാൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുമില്ല. കേരള മൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപറേഷൻ രൂപീകരിച്ചുവെങ്കിലും തങ്ങൾക്ക് ഗുണപ്പെടുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ചെയർമാൻ തസ്തികയിൽ നിയമനം നടത്തിയെങ്കിലും അംഗങ്ങളെ നിയമിച്ചിട്ടില്ല.നേരത്തെ ഗ്രാന്റ് നൽകിയിരുന്നു. പക്ഷേ പലിശയോടു കൂടിയ വായ്പ മാത്രമാണ് നൽകുന്നത്.

കോർപറേഷന്റെ പ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ട് നൽകാനും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL