SignIn
Kerala Kaumudi Online
Friday, 02 October 2026 8.03 PM IST

കെട്ടിടനികുതി ഒടുക്കിയവർക്കുള്ള പരാതി; അദാലത്തുമായി നഗരസഭ

nagarasabha

തിരുവനന്തപുരം: കെട്ടിടനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സമരകോലാഹലങ്ങൾക്കിടയിൽ നികുതി അടച്ചവർക്കുള്ള പരാതി പരിഹാരത്തിന് നടപടിയുമായി നഗരസഭ. പരാതികൾ പരിഹരിക്കാൻ അടുത്ത മാസം 22 മുതൽ സോണൽ ഓഫീസ് അടിസ്ഥാനത്തിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അദാലത്ത് നടത്താനാണ് തീരുമാനം. നികുതി ഒടുക്കിയവരുടെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ്‌വെയറിൽ ഒരു മാസത്തിനകം അപ്‌ലോഡ് ചെയ്യും. ഇതിനുശേഷം കുടിശിക വരുത്തിയിട്ടുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്നുള്ള പരാതികളാണ് അദാലത്തിൽ പരിഹരിക്കുന്നത്.

മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

അവസാനം നികുതി അടച്ച രസീത് ഹാജരാക്കുന്നവരുടെ വിവരങ്ങളാണ് ഇപ്പോൾ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യുന്നത്. ദിവസ കളക്ഷൻ രജിസ്റ്റർ, രസീത് ബുക്ക് എന്നിവ പരശോധിച്ച് എല്ലാ നികുതിദായകരുടെയും വിവരങ്ങൾ

അപ്‌ലോഡ് ചെയ്യുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതിനു ശേഷം കുടിശിക കാണിക്കുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിലും വാർഡ് അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് പ്രത്യേക ഫോറം വിതരണം ചെയ്യും. മതിയായ രേഖകളോടെ അപേക്ഷ തിരികെ സ്വീകരിച്ച ശേഷം 22 മുതൽ നടത്തുന്ന അദാലത്തിൽ പരിഗണിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

"ബിൽ കളക്ടർമാർ വഴിയും പ്രത്യേക ക്യാമ്പുകൾ വഴിയും നേരിട്ടും പണമടച്ചവരുടെ വിവരങ്ങൾ ഉൾപ്പെടെ വസ്തു നികുതി സംബന്ധിച്ച എല്ലാ രേഖകളും കോർപറേഷനിലുണ്ട്. അതിനാൽ അവസാനം നികുതി അടച്ച രസീത് കൈവശമില്ലെന്ന പേരിൽ ആർക്കും കൂടുതൽ പണം അടയ്‌ക്കേണ്ടി വരില്ല."

ആര്യ രാജേന്ദ്രൻ, മേയർ

അദാലത്ത് തീയതികൾ

നവംബർ 22, 24: ആസ്ഥാന ഓഫീസ്
നവംബർ 26:തിരുവല്ലം സോണൽ ഓഫീസ്
നവംബർ 29 : കഴക്കൂട്ടം
നവംബർ 30 :വട്ടിയൂർക്കാവ്
ഡിസംബർ 1: ആറ്റിപ്ര
ഡിസംബർ 4: വിഴിഞ്ഞം
ഡിസംബർ 6: നേമം
ഡിസംബർ 7:ഫോർട്ട്
ഡിസംബർ 8: കുടപ്പനക്കുന്ന്
ഡിസംബർ10: ഉള്ളൂർ
ഡിസംബർ13: ശ്രീകാര്യം
ഡിസംബർ15: കടകംപള്ളി
ഡിസംബർ16,17: ആസ്ഥാന ഓഫീസ്‌

നികുതി അടയ്ക്കാനുള്ള സോഫ്റ്റ്‌വെയർ; തകരാർ പരിഹരിക്കാൻ മന്ത്രിതല നിർദ്ദേശം

തദ്ദേശവകുപ്പിന്റെ നികുതി ഒടുക്കുന്ന സോഫ്റ്റ‌്‌വെയറുകളായ സാംഖ്യ,​ സഞ്ചയ എന്നിവയുടെ തകരാർ പരിഹരിക്കാൻ അധികൃതർക്ക് മന്ത്രിതല നിർദ്ദേശം. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത്. ഇതിലാണ് നികുതി അടയ്ക്കുന്നത് കൃത്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ വ്യാപക പരാതി ഉയരുന്നത്. ഇൻഫർമേഷൻ കേരള മിഷന്റെ ഇപ്പോഴത്തെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് പുതിയ ടെക്നിക്കൽ റിപ്പോർട്ടും തയ്യാറാക്കി. ഇത് പ്രവർത്തനാനുമതിക്കായി സംസ്ഥാന ഐ.ടി മിഷന് കൈമാറി. ഐ.കെ.എം ഡയറക്ടറായിരുന്ന ചന്ദ്രശേഖരൻ കണ്ണൂർ ജില്ലാ കളക്ടറായി സ്ഥാനമേറ്റ ഒഴിവിലേക്ക് ഒരാഴ്ചയ്ക്കകം പുതിയ ഡയറക്ടറെ നിയമിക്കാനും തീരുമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL