SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.38 PM IST

പാട്ടും കൂത്തും ആട്ടവുമായി ഓണം വേദികൾ തിമിർക്കും

തിരുവനന്തപുരം: പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീതദൃശ്യവിരുന്നുകളും ആയോധനകലാ പ്രകടനങ്ങളുമായി ഇത്തവണ ഓണാഘോഷം തിമിർക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണായിരത്തോളം കലാകാരൻമാരാണ് വിവിധ വേദികളിലായി നടക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നത്. ഓണാഘോഷം അരങ്ങ് തകർക്കുന്ന തലസ്ഥാന നഗരിയിൽ പിന്നണി ഗായകർ വിവിധ വേദികളായി അണിനിരക്കും. സിനിമാ താരങ്ങളും നർത്തകരുമായ നവ്യാ നായർ,​ പാരിസ് ലക്ഷ്മി എന്നിവരുടെ നൃത്തങ്ങൾക്കും തലസ്ഥാനം സാക്ഷ്യം വഹിക്കും. മ്യൂസിക് ട്രൂപ്പുകളായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ബാന്റും അകം ബാന്റും ഒരുക്കുന്ന സംഗീത പരിപാടികൾ നിശാഗന്ധിയിലെ മുഖ്യആകർഷണമാകും. ഗായിക സിത്താരയുടെ ഗാനമേള,​ രമേശ് നാരായണന്റെ സിംഫണി ഫ്യൂഷൻ എന്നിവ കഴക്കൂട്ടം ഗ്രീൻഫീൽഡിലെ ഓണാഘോഷ പരിപാടികൾക്ക് മിഴിവേകും. വൈലോപ്പിള്ളി സംസ്കൃതി ഭവനും ഭാരത് ഭവനും നൃത്തപരിപാടികൾക്ക് വേദികളാകും. സൂര്യകാന്തി,​ പബ്ളിക്ക് ഓഫീസ്,​ പൂജപ്പുര മൈതാനം എന്നിവിടങ്ങളിലാണ് ഗാനമേളകൾ അരങ്ങേറുക. ഗാന്ധി പാർക്ക് കഥാപ്രസംഗത്തിന് വേദിയാകും. മ്യൂസിയം പരിസരത്ത് എല്ലാ ദിവസവും അമച്വർ നാടകങ്ങൾ അരങ്ങേറും. അയ്യങ്കാളി നഗറിർ കഥ,​ കവിയരങ്ങ് എന്നിവയ്ക്കും കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങൾക്കും കാർത്തിക തിരുനാൾ തിയേറ്റർ കഥകളി,​ കൂത്ത്,​ കൂടിയാട്ടം എന്നിവയ്ക്കും വേദിയാകും. കൂടാതെ നെടുമങ്ങാട്,​ മുടവൂർപ്പാറ,​ ശ്രീവരാഹം,​ വേളി ടൂറിസ്റ്റ് വില്ലേജ്,​ പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല,​ കഴക്കൂട്ടം,​ ആറ്റിങ്ങൽ,​ നെയ്യാറ്റിൻകര മുനിസിപ്പൽ ഗ്രൗണ്ടുകൾ,​ കോട്ടയ്ക്കകം ചിത്തിരതിരുനാൾ പാർക്ക്,​ ആക്കുളം എന്നിവിടങ്ങളിലും ഓണാഘോഷ പരിപാടികൾ അരങ്ങേറും. വിവിധ കേന്ദ്രങ്ങളിലായി ഊഞ്ഞാലാട്ടം,​ അത്തപ്പൂക്കളം,​ തിരുവാതിര മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്തംബർ 12ന് വൈകിട്ട് 5ന് വെള്ളയമ്പലത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കിഴക്കേകോട്ടയിൽ സമാപിക്കും. മുൻവർഷങ്ങളെ ആപേക്ഷിച്ച് മികച്ച ആശയങ്ങളും ധാരാളം പ്രത്യേകതകളുമുള്ളതാണ് ഇത്തവണത്തെ ഘോഷയാത്രയെന്ന് പ്രോഗ്രാം കമ്മിറ്റി വർക്കിംഗ് ചെയർമാൻ കൂടിയായ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL