
തൃശൂർ: സി.പി.എം സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽ നിന്ന് മൂന്ന് പുതിയ അംഗങ്ങളെത്തിയേക്കും. പ്രായപരിധി കഴിഞ്ഞതോടെ ഒഴിവാകുന്ന മൂന്ന് പേർക്ക് പകരമാകും ഇവരെ തിരഞ്ഞെടുക്കുക. സംസ്ഥാന സമിതിയംഗമായ മുൻ മന്ത്രി എ.സി.മൊയ്തീനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയേക്കും.
സംസ്ഥാന സമിതിയംഗങ്ങളായ എൻ.ആർ.ബാലൻ, എം.കെ.കണ്ണൻ എന്നിവരാണ് ഒഴിവാകുക. ശാരീരിക അസ്വാസ്ഥ്യം മൂലം ബേബി ജോണിനെയും ഒഴിവാക്കിയേക്കും.
പകരം പുതുതായി ചാർജെടുത്ത ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, യു.പി.ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഈഴവ പ്രാതിനിധ്യം എന്ന നിലയിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എയെ പരിഗണിച്ചേക്കും. ഇല്ലെങ്കിൽ വനിതാ പ്രാതിനിധ്യമെന്ന നിലയിൽ മന്ത്രി ആർ.ബിന്ദുവിനെ പരിഗണിച്ചേക്കും. മുൻ സെക്രട്ടറിയും നിലവിൽ സംസ്ഥാന സമിതിയംഗവുമായ എം.എം.വർഗീസിന് 74 വയസെത്തിയെങ്കിലും സമിതിയിൽ നിലനിറുത്തിയേക്കും.
തുടരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് കെ.വി.അബ്ദുൾ ഖാദറിനെ ജില്ലാ സെക്രട്ടറിയാക്കിയത്. മുൻമന്ത്രി സി.രവീന്ദ്രനാഥിനെ പാർട്ടിയുടെ മുഖമായി തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ അത്ര ഊർജ്ജസ്വലമല്ല പ്രവർത്തനം. അതിനാൽ സംസ്ഥാന സമിതിയിലേക്ക് രവീന്ദ്രനാഥിന്റെ പേര് പരിഗണിക്കാനിടയില്ലെന്നാണ് സൂചന.
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നില മെച്ചപ്പെടുത്താനുള്ള ഒരുക്കങ്ങളാകും സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകുക. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിളവ് നൽകിയേക്കും. ജില്ലകളിൽ പ്രായപരിധി കർശനമായി പാലിച്ചാണ് മുമ്പോട്ടുപോകുന്നത്. എം.കെ. കണ്ണനും എൻ.ആർ. ബാലനും, ബേബി ജോണും പാർട്ടിയുടെ നേതൃനിരയിൽ കരുത്തുള്ളവരായിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റിലും പുതുമുഖങ്ങൾ
ജില്ലാ സെക്രട്ടറിയേറ്റിലേക്കും പുതുമുഖങ്ങളെത്തും. വനിതാ പ്രാതിനിധ്യം കൂട്ടാനും സാദ്ധ്യതയുണ്ട്. നിലവിൽ സെക്രട്ടറിയേറ്റിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നബീസ മാത്രമാണുള്ളത്. സംസ്ഥാന സമ്മേളനത്തിന് ശേഷമേ ജില്ലാ സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിക്കൂ. 13ൽ 12ഉം ഇടതു എം.എൽ.എമാരായതിനാൽ ഈ സീറ്റുകൾ നിലനിർത്തുകയെന്നത് പുതിയ നേതൃത്വത്തിന്റെ വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |