
തൃശൂർ: എ.സിയുണ്ട്, ലിഫ്ടുണ്ട്... സൗകര്യങ്ങളേറെയുണ്ടെങ്കിലും ശക്തൻനഗറിലെ ആകാശപ്പാതയിൽ കയറാൻ ആളില്ല. റോഡിന് കുറുകെ കടക്കാൻ പലരും വാഹനങ്ങളെ കൈകാണിച്ച് നിറുത്തുകയാണിവിടെ. നഗരത്തിലെ ഏറെ തിരക്കുള്ള നാല് റോഡുകൾ ചേരുന്ന കവലയിൽ കാൽനടയാത്രക്കാരുടെ സൗകര്യത്തിനായാണ് കോർപറേഷൻ അഞ്ചരക്കോടി ചെലവഴിച്ച് സെപ്തംബറിൽ ആകാശ നടപ്പാത തുറന്നത്. ആറുമാസം കഴിയുമ്പോഴും ശക്തൻ നഗറിലെത്തുന്ന കാൽനടയാത്രക്കാരിലെ പത്തിലൊന്നുപോലും ആകാശപ്പാത ഉപയോഗിക്കുന്നില്ല. മത്സ്യ - മാംസ മാർക്കറ്റിലേക്കും പഴം - പച്ചക്കറി മാർക്കറ്റിലേക്കും ശക്തൻനഗർ മൈതാനത്തിലേക്കും ആകാശപ്പാത വഴി പോകാം. റോഡ് ക്രോസ് ചെയ്യാൻ കാത്തുനിൽക്കുന്ന സമയം കൊണ്ട് ലിഫ്ടിൽ കയറി ലക്ഷ്യസ്ഥാനത്തെത്താം. എന്നിട്ടും കാൽനടയാത്രക്കാർ ഉപയോഗിക്കുന്നില്ലെന്നാണ് വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെ പറയുന്നത്.
കെ.എസ്.ആർ.ടി.സി റോഡിൽ നിന്നും ഇക്കണ്ടവാരിയർ റോഡിൽ നിന്നും ശക്തൻ റോഡിൽ നിന്നും കോർപറേഷൻ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങളുടെ തിരക്ക് ശക്തൻനഗറിലുണ്ട്. ഇതിനിടെ കാൽനടയാത്രക്കാർക്ക് റോഡ് കടക്കൽ ബുദ്ധിമുട്ടാണ്. മാർക്കറ്റുകളിലേക്കും എക്‌സിബിഷൻ, സർക്കസ് ഉൾപ്പെടെ നടക്കാറുള്ള ശക്തൻ മൈതാനത്തിലേക്കും വാഹനങ്ങൾ വരേണ്ടതിനാൽ ബാരിക്കേഡ് വച്ച് മറയ്ക്കാനാകില്ല. ഈ വഴിയാണ് യാത്രക്കാർ റോഡിലിറങ്ങി സഞ്ചരിക്കുന്നത്.
ആകാശപ്പാത തുറന്നശേഷം കോർപറേഷൻ അധികൃതർ കാൽനടയാത്രക്കാർക്കായി ബോധവത്കരണം ഉൾപ്പെടെ നടത്തിയിരുന്നു. കൗതുകത്തിനായി ആദ്യമായി കയറുന്നവരും വിദ്യാർത്ഥികളും മാത്രമേ ഇവിടം ഇപ്പോഴും ഉപയോഗിക്കുന്നുള്ളൂ. പുലർച്ചെ 5.30ന് തുറക്കുന്ന ആകാശപ്പാത രാത്രി ഒമ്പതിനാണ് അടയ്ക്കുന്നത്.
ഉപയോഗിക്കൂ... ഭൂഗർഭ പാതകൾ
സ്വരാജ് റൗണ്ടിൽ തെക്കെ ഗോപുരനടയിലും പാറമേക്കാവിന് സമീപവും മുനിസിപ്പൽ ഓഫീസ് റോഡിൽ ജയ്ഹിന്ദ് മാർക്കറ്റിലേക്ക് പ്രവേശിക്കാവുന്ന വിധവുമാണ് നഗരത്തിലെ സബ് വേകൾ. ഇത് ഉപയോഗപ്പെടുത്താതെ കാൽനടയാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടുന്നുണ്ട്. പാറമേക്കാവിന് സമീപമുള്ള സബ് വേയാണ് കുറച്ചെങ്കിലും ഉപയോഗപ്പെടുത്തുന്നത്. തെക്കെഗോപുരനടയിലെയും എം.ഒ റോഡിലെയും ഭൂഗർഭ പാതകളെ തീർത്തും അവഗണിച്ചാണ് തിരക്കേറിയ റോഡിന് കുറുകെ കടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |