
തൃശൂർ: കുട്ടിക്കഥകളും കുട്ടിക്കവിതകളും നിറഞ്ഞ ഒരു കൊച്ചുവീടുണ്ട് തൃശൂർ വെളിയന്നൂരിൽ, സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറി...! നാടൊട്ടുക്കും ലഹരിക്കെതിരെ പോരാട്ടം നടക്കുമ്പോൾ വായനയെന്ന ലഹരിയെ കുട്ടികളുടെ മനസിലേറ്റുകയാണ് ഇവിടം. ഈ വേനലവധിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങളെയും വായനയെയും പരിചയപ്പെടുത്തുകയാണ് ലൈബ്രറിയും അധികൃതരും. അഞ്ഞൂറോളം കുട്ടിയംഗങ്ങൾ ഇവിടെയുണ്ട്.
കഥ,കവിത,നോവൽ, യാത്രാവിവരണം, പ്രസംഗം, മലയാള സാഹിത്യ പഠനം, ഇന്ത്യാ ചരിത്രം, കുട്ടികളുടെ ഇഷ്ടപുസ്തകങ്ങളായ ജെറോണിം സ്റ്റിൽറ്റർ, നാൻസി ഡ്യൂ, ടോൺ ഗെയിറ്റ്‌സ് തുടങ്ങിയ വിപുലമായ പുസ്തകശേഖരം തന്നെയുണ്ട് വെളിയന്നൂർ ക്ഷേത്രത്തിനു എതിർവശത്തുള്ള റോഡിലെ സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറിയിൽ. 18 വയസ് വരെയുളള വായനാപ്രേമികളെ ലക്ഷ്യമിട്ടാണ് പുസ്തകങ്ങൾ.
രാവിലെ ഒമ്പതുമുതൽ 12 വരയും വൈകീട്ട് മൂന്നുമുതൽ ആറ് വരെയുമാണ് പ്രവർത്തനസമയം. ബുധനാഴ്ചകളിൽ ലൈബ്രറി മുടക്കമാണ്. വിവിധ മത്സരങ്ങളും ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. വായനാമത്സരം, കഥപറയൽ, ചിത്രരചന, ക്വിസ് എന്നിവ അതിൽ ചിലതുമാത്രം.
അംഗത്വം നേടാൻ
ഒരു കുട്ടിക്ക് ഒരു സമയം മൂന്നുപുസ്തകം എടുക്കാം. രണ്ടാഴ്ച കഴിഞ്ഞാൽ പുസ്തകം തിരികെ നൽകണം. ലൈബ്രറി മെമ്പർഷിപ്പിന് ആദ്യം അംഗത്വഫീസായി അമ്പതു രൂപയും ഒരു വർഷത്തെ വരിസംഖ്യയായി അമ്പതു രൂപയുമടക്കം നൂറുരൂപ അടയ്ക്കണം. പിന്നീട് ഓരോ വർഷവും അമ്പതു രൂപ വീതം നൽകണം. അംഗത്വ അപേക്ഷയിൽ പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെയോ പ്രിൻസിപ്പാളിന്റെയോ ഒപ്പും സീലും പതിക്കണം. അല്ലെങ്കിൽ ലോക്കൽ വായനശാലയിലെ സെക്രട്ടറിയിൽ നിന്നുമുള്ള കത്തായാലും മതി. മാതാപിതാക്കളുടെ തിരിച്ചറിയിൽ കാർഡിന്റെ കോപ്പിയും അപേക്ഷയ്‌ക്കൊപ്പം നൽകണം.
രാവിലെ വന്ന് പുസ്തകമെടുത്ത് കൊണ്ടുപോയി ഉച്ചയാകുമ്പോഴേക്കും ആ പുസ്തകം വായിച്ച് തിരിച്ചുകൊണ്ടുവരുന്ന മിടുക്കൻമാരും മിടുക്കികളും കൂട്ടത്തിലുണ്ട്. വായിച്ച പുസ്തകത്തെക്കുറിച്ച് കുട്ടികൾ ആസ്വാദനകുറിപ്പു തയ്യാറാക്കുമ്പോൾ വായനക്കൊപ്പം എഴുത്തിന്റെ ലോകവും കുട്ടികൾക്കു മുന്നിൽ തുറക്കപ്പെടുന്നുണ്ട്.സീന രവീന്ദ്രൻ, ലൈബ്രേറിയൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |