SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ഇടതുകോട്ട പിടിക്കാൻ 'രണ്ടും' കൽപ്പിച്ച്

നാട്ടിക പട്ടികജാതി സംവരണ സീറ്റ്

തൃശൂർ: രൂപം കൊണ്ട നാൾ മുതൽ ഇടതുപക്ഷം വിജയിക്കുന്ന നാട്ടികയിൽ ശുഭപ്രതീക്ഷയോടെ മുന്നണികൾ. സി.പി.ഐ വിജയിച്ച മണ്ഡലത്തിൽ എൻ.ഡി.എ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലും യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിലും പ്രതീക്ഷയർപ്പിച്ചാണ് ഇറങ്ങുന്നത്. കഴിഞ്ഞതവണ സി.പി.ഐയിലെ സി.സി.മുകുന്ദൻ 28,431 വോട്ടിനാണ് വിജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടകളിൽ സുരേഷ് ഗോപി ലീഡ് നേടി. എന്നാൽ തദ്ദേശത്തിൽ യു.ഡി.എഫിനായിരുന്നു മുന്നേറ്റം. നാട്ടിക, തളിക്കുളം, ചേർപ്പ്, അവിണിശേരി പഞ്ചായത്തിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോൾ വലപ്പാട്, താന്ന്യം, ചാഴൂർ, അന്തിക്കാട് പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് ഒപ്പമായി. പാറളത്ത് ബി.ജെ.പി ഭരണത്തിലെത്തി. യു.ഡി.എഫും ബി.ജെ.പിയും തുല്യത പാലിച്ചപ്പോൾ നറുക്കെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. അവിണിശേരിയിൽ ഇരുമുന്നണികളും ഒപ്പത്തിലായപ്പോൾ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം ബി.ജെ.പിക്കും ലഭിച്ചു.

മുകുന്ദന് രണ്ടാമൂഴമോ

സിറ്റിംഗ് എം.എൽ.എ സി.സി.മുകുന്ദന് ഇക്കുറിയും അവസരം നൽകാനുള്ള സാദ്ധ്യതയേറെയാണ്. ഇരിങ്ങാലക്കുടയിൽ നടന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിനിടെ നേതൃത്വവുമായി ഉടക്കി സമ്മേളനം തീരും മുമ്പ് ഇറങ്ങിപ്പോന്നത് ചർച്ചകൾക്ക് കാരണമായി. ആദ്യതവണ വിജയിച്ചവർക്ക് ഒരു വട്ടം കൂടി അവസരം നൽകുന്ന സി.പി.ഐയുടെ പതിവ് രീതി മുകുന്ദന് തുണയായേക്കും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചാരണവും ആരംഭിച്ചു. എന്നാൽ മുൻ എം.എൽ.എ ഗീതാഗോപിയും സജീവമാണ്.
സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇവർക്കുണ്ട്. യു.ഡി.എഫിൽ കഴിഞ്ഞതവണ മത്സരിച്ച സുനിൽ ലാലൂർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. എൻ.ഡി.എയിൽ ജില്ലാ വൈസ് പ്രസിഡന്റും കെ.പി.എം.എസ് നേതാവുമായ ലോചനൻ അമ്പാട്ട് , എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, കോൺഗ്രസിൽ നിന്ന് പി.വി.അൻവറിന്റെ പാർട്ടിയിലേക്ക് പോയി പിന്നീട് ബി.ജെ.പിയിലെത്തിയ ഡോ.എൻ.കെ.സുധീർ എന്നിവരാണ് പട്ടികയിൽ. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന വ്യക്തിയുടെ മകളെയും ബി.ജെ.പി പരിഗണിക്കുന്നതായി അറിയുന്നു.

2021 ലെ വോട്ടിംഗ് നില

  • സി.സി.മുകുന്ദൻ 72,930
  • സുനിൽ ലാലൂർ 44,449
  • ലോചനൻ അമ്പാട്ട് 33,716
  • സി.സി.മുകുന്ദന്റെ ഭൂരിപക്ഷം 28,431

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL