SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

തസ്കരവീരൻ പിടിയിൽ : മൂന്ന് മിനിറ്റിൽ ബൈക്ക് തട്ടും, പൊളിച്ചടുക്കും !

തൃശൂർ: 'നല്ല വസ്ത്രം ധരിച്ചെത്തും. നിറുത്തിയിട്ട ബൈക്കിൽ പറ്റിയത് കണ്ടെത്തും. മൂന്ന് മിനിറ്റിൽ ഒരെണ്ണം സ്റ്റാർട്ട് ചെയ്ത് മുങ്ങും'. ചാലിശ്ശേരി കറുകപുത്തൂരിൽ നിന്നും തൃശൂർ ഈസ്റ്റ് പൊലീസ് ഇന്നലെ പിടികൂടിയ മോഷ്ടാവിന്റെ ശൈലിയാണിത്. കറുകപുത്തൂരിൽ ബൈക്ക് മെക്കാനിക്ക് വർക്ക് ഷോപ്പ് നടത്തുന്ന വിജയ്‌യെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

ഫുഡ് ഡെലിവറി യൂണിഫോം ധരിച്ച് നഗരത്തിലെത്തി മോഷ്ടിച്ചെടുക്കുന്ന ബൈക്കുകൾ കറുകപുത്തൂരിലെ വർക്ക് ഷോപ്പിൽ എത്തിച്ച് രാത്രിയിൽ പൊളിച്ച് പാർട്‌സാക്കി വിൽക്കും. തൃശൂരിലെ ബൈക്കുകൾ മോഷ്ടിച്ചത് വിജയ് ആണെന്ന് തിരിച്ചറിഞ്ഞ് പിടികൂടാൻ എത്തിയപ്പോഴാണ് ആലുവയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ശ്രദ്ധയിൽപെട്ടത്. തൃശൂരിൽ നിന്നും രണ്ട് സി.ഡി ഡോൺ ബൈക്കും ആലുവ റെയിൽവേ സ്റ്റേഷനടുത്ത് നിറുത്തിയിട്ട റോയൽ എൻഫീൽഡ് ബുള്ളറ്റും മോഷ്ടിച്ച കേസിലെ പ്രതിയാണ് വിജയ്. പാതി പൊളിച്ച ബുള്ളറ്റിന്റെ ഉടമയെ വിളിച്ചപ്പോഴാണ് ആലുവയിലെ മോഷണം തിരിച്ചറിഞ്ഞത്.

മോഷ്ടിച്ചതെത്ര ?

മെക്കാനിക്കായ വിജയ് മോഷ്ടിച്ച് പൊളിച്ചുവിറ്റ ബൈക്കുകളുടെ എണ്ണം പൊലീസ് ശേഖരിച്ചുവരികയാണ്. നിലവിൽ മൂന്ന് ബൈക്കുകളുടെ കാര്യം മാത്രമാണ് തിരിച്ചറിഞ്ഞത്. തൃശൂരിൽ നിന്നും മോഷ്ടിച്ച രണ്ട് സി.ഡി ഡോൺ ബൈക്കും പ്രതി പൊളിച്ചുവിറ്റത് കണ്ടെത്തി. ബൈക്കുകളുടെ നമ്പർ പ്ലേറ്റ് പൊലീസിന് കണ്ടെടുക്കാനായി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കുട്ടിമോഷ്ടാക്കളും നിരവധി

നഗരത്തിലെ പ്രധാന സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, അടിച്ചുപൊളിക്കാൻ ബൈക്ക് മോഷണം നടത്തുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഒന്നര മാസത്തിനിടെ നഗരത്തിൽ മാത്രം 20 ഓളം ബൈക്കുകളാണ് കുട്ടിമോഷ്ടാക്കൾ കവർന്നത്. യൂട്യൂബ് നോക്കിയാണ് കുട്ടികൾ ബൈക്കുകളുടെ പൂട്ട് പൊളിക്കാൻ പഠിക്കുന്നതത്രേ. ബൈക്ക് കൊണ്ട് കറങ്ങിയ ശേഷം പിന്നീട് ഇവർ ഉപേക്ഷിക്കും. നല്ല വസ്ത്രം ധരിച്ച് കാണുന്നവരായതിനാൽ പട്രോളിംഗിലും സംശയം തോന്നാറില്ല. കാണാനില്ലെന്ന് കേസ് നൽകിയവർ, കേസിന്റെ നൂലാമാല ഒഴിവാക്കി വാഹനം വേഗം കൈയിൽ കിട്ടാനായി പലപ്പോഴും ബൈക്ക് കണ്ടെത്തിയതോടെ പരാതി പിൻവലിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL