SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

കൈയിലിരുന്ന രണ്ട് സീറ്റ് ഘടകകക്ഷികൾക്ക് : ചേലക്കരയിൽ ലീഗ്, കുന്നംകുളത്ത് സി.എം.പി

photo
1

തൃശൂർ : സംവരണ മണ്ഡലമായ ചേലക്കര കോൺഗ്രസിൽ നിന്ന് മുസ്ലീം ലീഗ് ഏറ്റെടുത്തു. പകരം ലീഗ് കാലങ്ങളായി മത്സരിച്ചിരുന്ന കോങ്ങാട് സീറ്റ് കോൺഗ്രസിന് വിട്ടു നൽകി. കുന്നംകുളം സീറ്റ് സി.എം.പിക്കും വിട്ടു കൊടുത്തു. ഇതോടെ കോൺഗ്രസിനെ സംബന്ധിച്ച് ജില്ലയിൽ രണ്ട് സീറ്റ് നഷ്ടപ്പെട്ടു. ലീഗ് ചേലക്കരയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒരു കാലത്ത് ജില്ലയിലെ കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു ചേലക്കര. 1965ൽ നിലവിൽ വന്ന മണ്ഡലത്തിൽ 80 വരെയുള്ള കാലഘട്ടത്തിൽ 1967ൽ പി.കുഞ്ഞൻ മൂന്ന് വർഷക്കാലം മാത്രമാണ് എൽ.ഡി.എഫിനായി മണ്ഡലം കൈവശം വച്ചത്. 1982ൽ എൽ.ഡി.എഫ് വീണ്ടും വന്നെങ്കിലും 87ലും 91 ലും യു.ഡി.എഫ് വിജയം പിടിച്ചു. എന്നാൽ 1996ൽ നാട്ടുകാരനായ കെ.രാധാകൃഷ്ണൻ എൽ.ഡി.എഫിനായി രംഗത്തിറങ്ങിയതോടെ പിന്നീട് ഇതുവരെയും യു.ഡി.എഫിന് ചേലക്കരയിൽ നിലം തൊടാനായിട്ടില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസനെ മത്സരിപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ലീഗുമായി സീറ്റ് കൈമാറ്റം നടന്നത്.
അഞ്ച് തവണ കെ.രാധാകൃഷ്ണൻ വിജയിച്ചു. പിന്നീട് യു.ആർ.പ്രദീപും. ഇക്കുറി ലീഗ് വരുമ്പോൾ എൽ.ഡി.എഫിനെ അട്ടിമറിക്കാൻ സാധിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ലീഗ് മത്സരിക്കുന്ന മറ്റൊരു സീറ്റായ ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2011ലും 2016ലും കുന്നംകുളത്ത് സി.എം.പിയാണ് മത്സരിച്ചത്. അന്ന് സി.പി.ജോണാണ് മത്സരിക്കാനിറങ്ങിയത്. ഈ സീറ്റ് വിട്ടുകൊടുത്തതിൽ കോൺഗ്രസിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL