SignIn
Kerala Kaumudi Online
Thursday, 25 June 2026 4.30 AM IST

മോദി കളത്തിൽ, ആവേശത്തിന്റെ പുലികളിയാട്ടം


റോഡ് ഷോ വൈകിട്ട് നാലരയ്ക്ക് സ്വരാജ് റൗണ്ടിൽ


തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിച്ച്, എൻ.ഡി.എയുടെ പ്രധാന പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിലെത്തും. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കിയ ശേഷം
വൈകിട്ട് നാലരയോടെയാകും സ്വരാജ് റൗണ്ടിലെത്തുക. വൻഒരുക്കങ്ങളിലാണ് ബി.ജെ.പിയും എൻ.ഡി.എ മുന്നണിയും. ജില്ലാ ആശുപത്രിക്ക് സമീപം നിന്നാരംഭിക്കുന്ന റോഡ് ഷോ ബിനി ടൂറിസ്റ്റ് ഹോമിനടുത്ത് സമാപിക്കും. ഏകദേശം 900 മീറ്റർ റോഡ് ഷോയ്ക്കായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 2,000 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയോടൊപ്പം തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ തുറന്ന വാഹനത്തിലുണ്ടാകും. ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികളോടൊപ്പം പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ടും ഉണ്ടായിരിക്കും. ഇന്ന് വൈകിട്ട് മൂന്നിന് മുൻപേ റോഡ് ഷോയ്ക്കായി എത്തിച്ചേരണമെന്നാണ് പ്രവർത്തകരെ ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതതത്രേ.

കനത്ത സുരക്ഷ

സ്വരാജ് റൗണ്ടിലേക്ക് ഇന്നലെ മുതൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി. റൗണ്ടിലേക്കുള്ള പ്രധാന റോഡുകൾ ഒഴികെയുള്ള മറ്റെല്ലാ ഇടവഴികളും ബാരിക്കേഡ് വച്ച് തടഞ്ഞു. സ്വരാജ് റൗണ്ടിൽ പാർക്കിംഗിനും നിരോധനമുണ്ട്. കുട്ടനെല്ലൂരിലെ സി.അച്യുതമേനോൻ ഗവ. കോളേജിൽ ഹെലിപ്പാഡിൽ ഇറങ്ങിയ ശേഷം റോഡ് മാർഗമാകും റോഡ് ഷോയ്ക്ക് എത്തുക. ഇന്നലെ വൈകിട്ട് അഞ്ചോടെ ട്രയൽ റണ്ണും സംഘടിപ്പിച്ചു.


പുലികളിയും കുമ്മാട്ടിയും കഥകളിയും

പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോ കൊഴുപ്പിക്കാൻ പുലികളി, മാർഗംകളി, കഥകളി, കുമ്മാട്ടി എന്നിവയും ഒരുക്കിയിട്ടുണ്ട്. കിഴക്കുംപാട്ടുകര സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കുമ്മാട്ടി. നടുവിലാലിൽ തന്നെ പുലികളി ഒരുക്കാനാണ് ബി.ജെ.പിയുടെ ആലോചന. തെക്കെ ഗോപുരനട, നായ്ക്കനാൽ, നടുവിലാൽ, മണികണ്ഠനാൽ എന്നിവിടങ്ങളിൽ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL