കൊല്ലം: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ ഭേദഗതി വരുത്തി അന്ത്യോദയ അന്നയോജന റേഷൻ വിഹിതം വലിയ തോതിൽ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആരോപിച്ചു. ഭക്ഷ്യസുരക്ഷയെ തകർക്കുന്ന പരിഷ്കാരങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറണം.
നിലവിൽ മഞ്ഞ കാർഡുള്ള ഒരു കുടുംബത്തിന്, അതിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമ പ്രകാരം ഇത് കുടുംബ അടിസ്ഥാനത്തിൽ എന്നതിന് പകരം, വ്യക്തിഗത അടിസ്ഥാനത്തിലേക്ക് മാറ്റാനാണ് കേന്ദ്ര നിർദ്ദേശം. മഞ്ഞ കാർഡിലെ ഒരു അംഗത്തിന് പ്രതിമാസം 7 കിലോഗ്രാം ഭക്ഷ്യധാന്യം വീതം നൽകുക, എന്നാൽ ഒരു കുടുംബത്തിന് ലഭിക്കുന്ന പരമാവധി വിഹിതം 35 കിലോഗ്രാമിൽ കൂടാനും പാടില്ല എന്ന നിബന്ധനയാണ് കൊണ്ടുവരുന്നത്.
ഈ ഭേദഗതി നടപ്പിലായാൽ ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 35 കിലോ ധാന്യം വലിയ തോതിൽ കുറയും.
ടൈഡ് ഓവർ അരിവിഹിതം കേന്ദ്ര സർക്കാർ വലിയ തോതിൽ വെട്ടിക്കുറച്ചു. സംസ്ഥാന വിഹിതത്തിൽ അടിയന്തരമായി വർദ്ധനവ് വരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |