പൊന്നാനി : മതിയായ ജീവനക്കാരില്ലാതെ സർവീസ് മുടങ്ങി പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോ. നിലവിൽ 16 ജീവനക്കാരുടെ കുറവാണ് ഇവിടെയുള്ളത്. നേരത്തെ 22 ജീവനക്കാരുടെ കുറവുണ്ടായിരുന്നിടത്ത് ആറുപേരെ പുതുതായി നിയമിച്ചിട്ടുണ്ട്. പൊന്നാനി-തിരൂർ റൂട്ടിൽ പുതുതായി രണ്ട് സർവീസ് കഴിഞ്ഞയാഴ്ച മുതൽ ആരംഭിച്ചതും ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. വി.എസ്. ജോയ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നായിരുന്നു സർവീസ് അരംഭിച്ചത്.
ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് നിലവിൽ പൊന്നാനി ഡിപ്പോയിൽ താളം തെറ്റി കിടക്കുന്നത്. മുമ്പ് താത്കാലികമായി നിറുത്തിയ സർവീസുകൾ പുനഃരാരംഭിക്കാത്തും വലയ്ക്കുന്നു. മുമ്പ് പൊന്നാനി ഡിപ്പോയിൽ നിന്നും ആറോളം സർവീസുകൾ ജില്ലയിലെ പ്രധാന ആശുപത്രികളുടെ കേന്ദ്രമായ പെരിന്തൽമണ്ണ ഭാഗത്തേയ്ക്കുണ്ടായിരുന്നു. ഇതിപ്പോൾ ഒരെണ്ണമേയുള്ളൂ. ഇവ പുനരാരംഭിച്ചാൽ ഒട്ടനവധി പേർക്ക് ആശ്വാസമാകും. പൊന്നാനിയിൽ നിന്നുണ്ടായിരുന്ന കുന്നംകുളം, ഷൊർണ്ണൂർ , ബംഗളൂരു, കുറ്റിപ്പുറം-പൊന്നാനി , പമ്പ സർവീസുകൾ, മലപ്പുറത്ത് നിന്നും പൊന്നാനി വഴിയുണ്ടായിരുന്ന നെടുമ്പാശ്ശേരി സർവീസ് തുടങ്ങിയ ജനപ്രിയ സർവീസുകൾ കൊവിഡ് കാലയളവിൽ നിറുത്തലാക്കപ്പെട്ടു. ഇവ പുനരാരംഭിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്ന് നാളുകളായുണ്ടെങ്കിലും നടപടിയായിട്ടില്ല.
ശബരിമല സീസൺ സമയത്ത് പൊന്നാനിയിൽ നിന്നും പമ്പ വരെ ഉണ്ടായിരുന്ന ശബരിമല സർവീസ് നിരവധി പേർക്ക് സൗകര്യപ്രദമായിരുന്നു. പൊന്നാനിയിൽ ഇടത്താവളമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ഈ സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു.
ആവശ്യങ്ങളേറെ
നിരവധി ജനോപകാരപ്രദമായ സർവീസുകൾ പൊന്നാനി ഡിപ്പോയിൽന്നും നിലയിലാണ്. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളെ കണ്ടു അടിയന്തരനടപടി ആവശ്യപ്പെടും ഇ.പി. രാജീവ്, ഡി.സി.സി, ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |