
വടക്കാഞ്ചേരി: നഗരസഭ മെഡിക്കൽ കോളേജ് ഡിവിഷൻ കൗൺസിലർ കെ.ആർ.കൃഷ്‌ണൻ കുട്ടിയുടെ നിരന്തര ശ്രമഫലമായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് ക്യാമ്പസിലെ കുപ്രസിദ്ധ ഗേറ്റ് തുറക്കാൻ വഴിയൊരുങ്ങുന്നു. നെഞ്ചുരോഗാശുപത്രിക്ക് സമീപംകഴിഞ്ഞ 8വർഷമായി അടച്ചുപൂട്ടി കിടക്കുന്നഗേറ്റാണ് തുറക്കുക. ഇതോടെ മോർച്ചറിയിലേക്കും അനാട്ടമി ബ്ലോക്കിലേക്കുമൊക്കെ കിലോമീറ്ററുകൾ ചുറ്റേണ്ട ജനങ്ങളുടെ ദുരാവസ്ഥയ്ക്കും പരിഹാരമാകും. അവണൂർ പഞ്ചായത്തിലേക്കും തിരിച്ചും സുഗമഗതാഗതം ഉറപ്പാകും. പ്രിൻസിപ്പൽ ഓഫീസിലേക്കും ചുറ്റിവളയാതെ എത്താനാകും. വിജനമായ സ്ഥലത്തിന് തൊട്ടാണ് ഗേറ്റ്. സാമൂഹ്യവിരുദ്ധർ തമ്പടിച്ചതോടെയാണ് ഗേറ്റ് എന്നന്നേക്കുമായി അടഞ്ഞത്. പ്രതിഷേധിച്ചെങ്കിലും അധികൃതർ ചെവികൊണ്ടില്ല. ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രികർക്കുമായി പ്രധാന ഗേറ്റിനോട് തൊട്ടുള്ള ചെറിയ ഗേറ്റ് തുറന്നു നൽകി.
കോളേജ് ക്യാമ്പസിന്റെ പരിസരത്തായി സാമൂഹ്യവിരുദ്ധർ തമ്പടിച്ചതോടെയാണ് ഗേറ്റ് പൂട്ടേണ്ടി വന്നതെന്നാണ് അധികൃതരുടെ വാദം.കൃഷ്ണൻകുട്ടി നഗരസഭ കൗൺസിലറായതോടെ ഗേറ്റ് തുറക്കാനുള്ള പരിശ്രമങ്ങളും ആരംഭിച്ചു. നേരത്തെ പ്രിൻസിപ്പലിന് പരാതി നൽകി. ഇന്നലെ കുറാഞ്ചേരിയിലെത്തിയ ആരോഗ്യ മന്ത്രി കെ.മുരളീധരനും പരാതി സമർപ്പിച്ചു. ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
പ്രായം കൂടിയ കൗൺസിലർ
നേരത്തെ ഡിവിഷനിലെ മുഴുവൻ വഴിവിളക്കുകളും സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് പ്രകാശിപ്പിച്ച് കൗൺസിലർ ജനകീയ പ്രശംസ നേടിയിരുന്നു. 42 അംഗ നഗരസഭയിലെ ഏറ്റവും പ്രായം കൂടിയ കൗൺസിലർ കൂടിയാണ് കൃഷ്ണൻകുട്ടി.
ഗേറ്റ് തുറക്കാൻ അനുകൂല നടപടി ഉണ്ടാകുമെന്ന് മന്ത്രി മുരളീധരൻ ഉറപ്പു നൽകിയിട്ടുണ്ട്.തുറന്നാൽ നൂറുകണക്കിന് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.വയോധികനായ തന്നെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത ജനങ്ങളോട് മാത്രമാണ് കടപ്പാട്.ജനക്ഷേമവും പോരാട്ടവും തുടരും
-കെ.ആർ.കൃഷ്‌ണൻകുട്ടി (നഗരസഭ കൗൺസിലർ- മെഡിക്കൽ കോളേജ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |