
വടക്കാഞ്ചേരി : റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ആട്ട വാങ്ങാൻ ആവശ്യക്കാരില്ലാത്തതിനാൽ പുഴുവെടുത്ത് നശിക്കുന്നു. വിപണിയിൽ ആട്ടക്ക് വലിയ ഡിമാൻഡുള്ളപ്പോഴാണ് സർക്കാർ ആട്ടയുടെ ഈ ദുരവസ്ഥ. തലപ്പിള്ളി താലൂക്കിൽ മാത്രം 30 ക്വിന്റ്വൽ (3000 കിലോ) ആട്ടയാണ് ഉപയോഗശൂന്യമായത്. വിതരണ കരാർ കമ്പനി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കടകളിലേക്ക് ആവശ്യത്തിലേറെ ഇറക്കുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. തിരിച്ചെടുക്കാൻ നിരവധി അപേക്ഷകൾ നൽകിയിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല. കൃത്യമായ നിർദേശമില്ലാത്തതാണ് പ്രതിസന്ധി. 3 മാസം വരെയാണ് ആട്ട പാക്കറ്റുകളുടെ കാലാവധി. ഇതിന് മുമ്പ് തന്നെ ഉപയോഗശൂന്യമാകുകയാണെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ റേഷൻ കാർഡുടമകൾക്ക് ഒരു പായ്ക്കറ്റ് വീതമാണ് നൽകിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ അത് 4 പായ്ക്കറ്റാക്കി വർധിപ്പിച്ചു. നിലവിൽവന്ന ആദ്യ മാസങ്ങളിൽ കാർഡ് ഉടമകളുടെ എണ്ണത്തിനനുസരിച്ച് 4 പായ്ക്കറ്റ് അനുവദിച്ചു. എന്നാൽ മിക്ക കടകളിലും 2 പായ്ക്കറ്റിനപ്പുറം ഉപഭോക്താക്കൾ വാങ്ങുന്നില്ല. ഇതാണ് പ്രതിസന്ധിയായത്. കഴിഞ്ഞ മാസങ്ങളിൽ ആവശ്യത്തിനനുസരിച്ച് അളവിൽ കുറവു വരുത്തിയാണ് അലോട്ട്‌മെന്റ് നടത്തിയതെന്നാണ് അധികൃതരുടെ വാദം. വ്യാപാരികൾ മുൻകൂട്ടി പണം അടച്ചാണ് ആട്ട റേഷൻ കടകളിലെത്തിക്കുന്നത്. പി.എച്ച്.എച്ച് വിഭാഗങ്ങൾക്ക് 9 രൂപക്കും എ.എ.ഐ. വിഭാഗങ്ങൾക്ക് 7 രൂപക്കുമാണ് നൽകുന്നത്. ഈ വിഭാഗങ്ങളിൽ കാര്യമായ ബാക്കിവരാറില്ല. അതേസമയം നീല, വെള്ള കാർഡുകൾക്ക് 17 രൂപ തോതിലാണ് 4 പാക്കറ്റ് ആട്ട വിതരണം. ഈ വിഭാഗക്കാരുടെ കാർഡുകളാണ് കടകളിൽ ഭൂരിഭാഗവും. ആട്ട കെട്ടിക്കിടക്കുന്നതുമൂലം ഭക്ഷ്യധാന്യം ശേഖരിച്ചു വയ്ക്കുന്നതിനും ചില കടകളിൽ പ്രയാസമുണ്ട്. ഉപയോഗശൂന്യമായ ആട്ട പായ്ക്കറ്റുകൾ തിരിച്ചെടുക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഒരുക്കണമെന്നതാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |