SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

'ആഴ്ചയിലൊരിക്കൽ ഖാദി' പാടെ മറന്ന് ഉദ്യോഗസ്ഥർ

khadi

തൃശൂർ: ആഴ്ചയിലൊരിക്കൽ ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്ന 2009 ജൂലായ് 20ന് പുറപ്പെടുവിച്ച ഉത്തരവ് വിസ്മൃതിയിൽ. വി.എസ്.അച്യുതാനന്ദൻ സർക്കാരാണ് ബുധനാഴ്ചകളിൽ ഖാദി, കൈത്തറി വസ്ത്രധാരണം സംബന്ധിച്ച് സർക്കുലർ ഇറക്കിയത്. അഞ്ചരലക്ഷത്തിലേറെ വരുന്ന ഉദ്യോഗസ്ഥർ ഇപ്പോഴിത് മറന്നമട്ടാണ്. 2007ലെ അഭ്യർത്ഥന പിന്നീട് 2009ൽ നിർബന്ധമാക്കി.
വസ്ത്രധാരണം കർശനമായി നടപ്പാക്കാനാകില്ലെങ്കിലും പുതുതായി സർവീസിൽ കയറുന്നവരെ ഓർമ്മിപ്പിക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. കേരളീയ വേഷത്തനിമ ആഘോഷങ്ങളിൽ മാത്രം ഒതുക്കാതെ ജീവിതരീതിയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. പാരമ്പര്യ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ നെയ്ത്തുകാർക്ക് പ്രോത്സാഹനവും വരുമാനവും ഉറപ്പിക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ചെക്ക് നൽകി ക്രെഡിറ്റ് സംവിധാനവും സർക്കാർ ഉദ്യോഗസ്ഥർക്കായി വസ്ത്രങ്ങൾ വാങ്ങാൻ ഒരുക്കിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് ഇറക്കിയ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് പിന്നീടുള്ള സർക്കാരുകളൊന്നും നിരീക്ഷിച്ചില്ല.


നെയ്ത്തുകാർക്ക് സെൻസസ്
നെയ്ത്തുകാരുടെ എണ്ണവും തൊഴിലും ജീവിതപരിതസ്ഥിതിയും കൃത്യമാക്കാൻ കേന്ദ്ര വ്യവസായ വകുപ്പ് പ്രത്യേക സെൻസസിന് തയ്യാറെടുക്കുന്നു. ഉടൻ നടപടികൾക്ക് തുടക്കമാകും. സെൻസസ് പ്രകാരം പുതിയ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഹാൻഡ്‌ലൂം എന്ന പേരിൽ പവർലൂം വിൽക്കുന്നതിനെതിരെയും മറ്റും നിയമനടപടി സ്വീകരിക്കാമെങ്കിലും അധികൃതർ തുനിയുന്നില്ലെന്നാണ് പരാതി.

 ഖാദി,കൈത്തറി വസ്ത്രധാരണം ഓർമ്മപ്പെടുത്തേണ്ടതുണ്ട്. വ്യാജനും മാർക്കറ്റിലുണ്ട്. ഇതുമൂലം യഥാർത്ഥ നെയ്ത്തുകാരന് ദോഷമുണ്ടാകുന്നു. ആഴ്ചയിലൊരിക്കൽ ധരിക്കുന്നത് ബുധനാഴ്ചയേക്കാൾ നല്ലത് തിങ്കളാഴ്ചയാകും.
- എ.എം.ജാഫർ ഖാൻ, പ്രസിഡന്റ്, എൻ.ജി.ഒ അസോ.

 ഖാദി,കൈത്തറി വസ്ത്രധാരണം സംബന്ധിച്ച് സർക്കാർ തലത്തിൽ ബോധവത്കരണം കൊണ്ടുവരണം. സർക്കാർ ഉദ്യോഗസ്ഥർക്ക് വിമുഖതയില്ല. പുതുതലമുറയ്ക്ക് കൂടി അനുയോജ്യമായ വസ്ത്രങ്ങൾ വരട്ടെ.

- എം.വി.ശശിധരൻ, ജനറൽ സെക്രട്ടറി, എൻ.ജി.ഒ യൂണിയൻ

 സർക്കാർ ഉദ്യോഗസ്ഥരിൽ കൈത്തറി, ഖാദി വസ്ത്രധാരണം ഉറപ്പാക്കാൻ ബോധവത്കരണവും കൂടെ നിരീക്ഷണവും വേണം. സ്ഥാപന മേധാവികൾ മാതൃകയായി മാറണം. യൂണിഫോം നിർബന്ധമുള്ള സ്‌കൂളുകളുൾപ്പെടെ ഒരു ദിവസം ഖാദി, കൈത്തറി ധരിക്കണം. റിബേറ്റും നൽകണം.

- ജെ.മഹാദേവൻ, പ്രസിഡന്റ്, എൻ.ജി.ഒ സംഘ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL