SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

കാലം മായ്ക്കുന്ന 'നിരപ്പലകകൾ'

karumathara

തൃശൂർ: നാട്ടിൻപുറങ്ങളിലെ കവലകൾക്ക് രൂപമാറ്റം സംഭവിച്ചപ്പോൾ തടിയിൽ തീർത്ത നിരപ്പലകയിട്ട കടമുറികളും ഓർമ്മയാകുന്നു. ഷട്ടറുകളും ഗ്ലാസ് വാതിലുകളും കൈയടക്കിയ പുതിയ കാലത്ത് നിരപ്പലകകൾ ഓരോന്നായി എടുത്തുമാറ്റി തുറന്നിരുന്ന പഴയകാല കടമുറികൾ കൗതുകക്കാഴ്ചയോ പഴമക്കാരുടെ ഓർമ്മയോ മാത്രമായവശേഷിക്കുകയാണ്. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന്റെ ചാലകശക്തിയായിരുന്ന ഇത്തരം പീടികകൾ ഇന്ന് അപൂർവ്വ കാഴ്ചയായി മാറിക്കഴിഞ്ഞു.


 കൂട്ടായ്മകളുടെ കേന്ദ്രം

വെറുമൊരു കച്ചവട സ്ഥാപനം എന്നതിലുപരി ഗ്രാമത്തിലെ വാർത്താ ഏജൻസികളും രാഷ്ട്രീയ ചർച്ചാ വേദികളുമായിരുന്നു ഈ പലകക്കടകൾ. പത്രം വായിക്കാനും നാട്ടുവിശേഷങ്ങൾ പങ്കുവെക്കാനുമായി രാവിലെ തന്നെ ആൾക്കാർ എത്തിച്ചേരുന്ന ഇടം. ചിലയിടങ്ങളിൽ ഇവ ഇപ്പോഴും അവശേശിക്കുന്നുണ്ടെങ്കിലും പലതും തുറക്കാറില്ല. പലകകൾ തുറന്ന് ഒരോന്നായി എടുത്ത് വശങ്ങളിൽ കയറിട്ടുകെട്ടി അടുക്കി വെക്കുകയായിരുന്നു രീതി.

മെയിന്റനൻസ് വർഷത്തിലൊരിക്കൽ

പ്ലാവ്, ആഞ്ഞിലി, തേക്ക് തുടങ്ങിയ ഈടുനിൽക്കുന്ന തടികളാണ് പ്രധാനമായും നിരപ്പലകയ്ക്കായി ഉപയോഗിച്ചിരുന്നത്. ഇരുമ്പു കമ്പി കുറുവെച്ച് അതിൽ താഴിട്ടായിരുന്നു കടമുറി പൂട്ടിയിരുന്നത്. വർഷത്തിലൊരിക്കൽ മെയിന്റനൻസ്... ഒരു കാലത്ത് സ്വർണക്കടകൾ പോലും പലകകടകളിലായിരുന്നു.

കരുമത്രയുടെ അടയാളം

മച്ചാട് കരുമത്രയിൽ സജീവമായി നിലനിൽക്കുന്ന പഴമയുടെ പ്രതീകമായി നിരപ്പലക കടയുണ്ട്. അഞ്ച് മുറികളോടയാണ് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഓടിട്ട കെട്ടിടം. കെട്ടിടത്തിന് മുന്നിലെ തപാൽപ്പെട്ടിയും അപൂർവ്വ കാഴ്ച്ചയാണ്. പ്രദേശത്തെ മറ്റ് കെട്ടിടങ്ങളെല്ലാം ആധുനീകരിച്ചപ്പോൾ ഈ കെട്ടിടത്തിന്റെ ഉടമകൾ പഴമയോടെ ഇത് നിലനിറുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL