SignIn
Kerala Kaumudi Online
Monday, 12 October 2026 5.54 AM IST

നിയന്ത്രണമില്ലാത്ത കീടനാശിനി പ്രയോഗം, ഞാറിന് മരുന്ന്, മണ്ണിന് ദുരിതം

maxha
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് തെക്കുംകരയിൽ എതാനും ദിവസം മുമ്പ് നടീൽ കഴിഞ്ഞ നെൽച്ചെടികൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിൽ

തൃശൂർ: കൃഷി സംരക്ഷിക്കാൻ മരുന്നടി, ഒടുവിൽ മണ്ണിന്റെ ഫലപുഷ്ടിക്കും വിളവിനും തിരിച്ചടി! നെൽകൃഷിയിൽ നിയന്ത്രണമില്ലാത്ത കീടനാശിനി പ്രയോഗം കോൾപ്പാടങ്ങളുടെ ഉൽപാദനക്ഷമതയെ ബാധിക്കുന്നു. കീടനാശിനികളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് കൃഷിഭവനുകളിൽനിന്ന് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൃഷിയിടങ്ങളിൽ ഉപയോഗിക്കേണ്ട കീടനാശിനികൾ, പ്രയോഗിക്കേണ്ട അളവ്, ഇടവേള എന്നിവ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കാത്തതിനാൽ കർഷകർ സ്വന്തം നിലയിലാണ് പലപ്പോഴും മരുന്നുകൾ പ്രയോഗിക്കുന്നത്. സംസ്ഥാനത്ത് നിരോധിച്ച ചില കീടനാശിനികൾ പോലും അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നുണ്ട്. കുരുടാൻ ഉൾപ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗവുമുണ്ട്. നിയന്ത്രിത ഉപയോഗത്തിന് മാത്രമായി നിർദ്ദേശിച്ച കീടനാശിനികൾ കൃഷി ഓഫീസറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽനിന്ന് നൽകാവൂ എന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. കീടനാശിനി വിൽപ്പനകേന്ദ്രങ്ങളിൽ ഇൻസെക്ടിസൈഡ് ഇൻസ്‌പെക്ടർമാരുടെ പരിശോധന കർശനമാക്കുമെന്ന പ്രഖ്യാപനവും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. പാടങ്ങളിൽ 'മരുന്ന്' എന്ന പേരിലാണ് കൊടിയ കീടനാശിനികളുടെ ഉപയോഗം. നിരോധിക്കപ്പെട്ട കീടനാശിനികൾ വിൽക്കുന്ന വൻലോബിയും ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു.

മഴയിൽ മുങ്ങി ഞാറ്

അപ്രതീക്ഷിത മഴയാണ് കോൾകർഷകർക്ക് മറ്റൊരു തിരിച്ചടി.ദിവസങ്ങൾക്ക് മുൻപ് നടീൽ കഴിഞ്ഞ ഞാറുകൾ പലയിടത്തും വെള്ളത്തിൽ മുങ്ങി. മഴ തുടർന്നാൽ നെൽച്ചെടികൾ നശിക്കും. ജില്ലയിൽ ഏകദേശം 13,000 ഹെക്ടർ കോൾപ്പാടങ്ങളാണുള്ളത്. വിവിധ പ്രദേശങ്ങളിലെ ജലലഭ്യത കണക്കിലെടുത്ത് ഫെബ്രുവരി മുതൽ മേയ് പകുതി വരെ കൊയ്ത്ത് നടത്താവുന്ന രീതിയിലാണ് വിത്തിറക്കുന്നത്. മുല്ലശ്ശേരി, കണ്ണോത്ത്, ഏലമല, മതുകര തെക്ക്, മതുകര വടക്ക്, മനക്കൊടി, അരിമ്പൂർ, എനാമാവ്, ആലപ്പാട്, പുള്ള്, ജൂബിലി, തേവർപടവ് മേഖലകളിൽ വിത്തിറക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

വിളവിലും താഴോട്ട്


2018ലെ പ്രളയത്തിനുശേഷം കോൾകൃഷിയുടെ ഉൽപാദനക്ഷമതയിൽ ഇടിവുണ്ടായെന്ന് കർഷകർ പറയുന്നു. ഇതുമൂലം കോടികളുടെ നഷ്ടമാണ് നേരിടുന്നത്. സംസ്ഥാനത്തെ നെല്ലിന്റെ ശരാശരി ഉൽപാദന ക്ഷമതയുടെ മൂന്ന് മടങ്ങാണ് കോൾപ്പാടങ്ങളിലെ ഉൽപാദന ക്ഷമത. ഹെക്ടറിന് രണ്ട് ടൺ ഉൽപാദനശേഷി ശരാശരി കണക്കാക്കുമ്പോൾ കോൾപ്പാടങ്ങളിലിത് ആറ് ടണ്ണാണ്. ജില്ലയിൽ ഏതാനും വർഷങ്ങളായി പല കോൾപ്പാടങ്ങളിലും കണക്കാക്കിയിരുന്ന ഉൽപാദന ക്ഷമത ശരാശരി 6.5 ടണ്ണായിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്തെ ശരാശരി ഉൽപാദന ക്ഷമത മൂന്ന് ടണ്ണായി കണക്കാക്കുമ്പോൾ കോൾപ്പാടങ്ങളിലേത് അഞ്ച് ടണ്ണും അതിലും താഴെയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL