ചാലക്കുടി: നഗരത്തിലെ ലോഡ്ജ് മുറിയിൽ ഉറങ്ങിക്കിടന്ന സുഹൃത്തിന്റെ സ്വർണമാലയും ആപ്പിൾ ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (32) ആണ് പിടിയിലായത്. മൂവാറ്റുപുഴയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഇയാളെ ചാലക്കുടി പൊലീസ് സംഘം പിടികൂടുകയായരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിനും പന്ത്രണ്ടിനും ഇടയിലായിരുന്നു സംഭവം.
ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ കോക്കാട്ടിൽ ലോഡ്ജിലാണ് പരിയാരം കുറ്റിക്കാട് സ്വദേശി പുന്നേലിപ്പറമ്പിൽ ഷൈജുവും ലിബിനും ഒന്നിച്ച് മുറിയെടുത്തത്. രാത്രി ഷൈജു ഉറക്കത്തിലായ തക്കംനോക്കി കഴുത്തിൽ കിടന്നിരുന്ന ഒന്നരപ്പവന്റെ സ്വർണമാല, ഐഫോൺ, പഴ്‌സിലുണ്ടായിരുന്ന 400 രൂപ എന്നിവ മോഷ്ടിച്ച് ലിബിൻ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ചാലക്കുടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
ഷൈജുവിന്റെ പരാതി ലഭിച്ചയുടൻ ചാലക്കുടി പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി മൂവാറ്റുപുഴയിൽ നിന്ന് പിടിയിലായത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി എസ്.എച്ച്.ഒ അതുൽ മോഹൻ, ജി.എസ്.സി.പി.ഒ സുജിത്ത് കുമാർ, സി.പി.ഒമാരായ സജീവ്, സജീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |