തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസ് നീന്തൽ മത്സരത്തിനിടെ താത്കാലിക പന്തൽ തകർന്നുവീണതിനെത്തുടർന്ന് അടച്ചിട്ട അക്വാട്ടിക് കോംപ്ലക്‌സ് ഇന്ന് വൈകിട്ടോ നാളെയോ തുറന്നേക്കും. മഹസർ തയ്യാറാക്കുന്നതിനായി കോംപ്ലക്‌സ് അടച്ചിടാൻ നിർദ്ദേശിച്ചെന്നാണ് സ്‌പോർട്‌സ് കൗൺസിൽ അധികൃതരുടെ വിശദീകരണം. എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ചു. വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അടച്ചിട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ ഇടക്കാല റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. ഇതോടെ പ്രധാന നീന്തൽക്കുളം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, സ്‌കൂൾ ഗെയിംസ് നീന്തൽ മത്സരങ്ങൾ എപ്പോൾ നടത്തുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.
നടപടിയിൽ പരസ്പരവിരുദ്ധത
പ്രധാന നീന്തൽക്കുളത്തിനു സമീപത്തെ പന്തലാണ് വീണത്. എന്നാൽ, ഗ്രൗണ്ട് ഫ്‌ളോറിലെ ബേബി പൂളും ബോക്‌സിംഗ് റിഗും അടച്ചിടാനാണ് മന്ത്രി നിർദ്ദേശിച്ചത്. മേൽക്കൂരയിലെ സിമന്റ് പ്ലാസ്റ്ററിംഗ് അടർന്നുവീഴുന്നതാണ് കാരണമെന്ന് നിർദേശത്തെ ന്യായീകരിക്കാം. എന്നാൽ, പ്രധാന നീന്തൽക്കുളത്തിലേക്കുള്ള വഴിയും അടച്ചത് എന്തിനാണെന്നാണ് കായികതാരങ്ങളുടെ ചോദ്യം. ഇതോടെ അക്വാട്ടിക് കോംപ്ലക്‌സ് അടച്ചിടേണ്ട സ്ഥിതിയുണ്ടായി. സ്‌കൂൾ ഗെയിംസിനായി കോംപ്ലക്‌സ് വിദ്യാഭ്യാസ വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് സ്‌പോർട്‌സ് കൗൺസിലിന്റെ വാദം. പന്തൽ നിർമ്മിച്ചതും പരിപാടികൾ സംഘടിപ്പിച്ചതും വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാതെ സ്‌പോർട്‌സ് കൗൺസിലിനെതിരെ തിരിയുന്നത് എന്തിനാണെന്നും അധികൃതർ ചോദിക്കുന്നു. അന്വേഷണം നടത്തുന്നതിനുപകരം മറ്റൊരു ഭാഗം അടച്ചിടാൻ മന്ത്രി നിർദ്ദേശിച്ചത് വിചിത്രമാണെന്നും അധികൃതർ പറയുന്നു. വരാനിരിക്കുന്ന സ്‌പോർട്‌സ് ബില്ലിന്റെ ഭാഗമായി സ്‌പോർട്‌സ് കൗൺസിലുകൾ പിരിച്ചുവിടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
രാഷ്ട്രീയക്കളിയിൽ വിയർത്ത്
ഗെയിംസ് നടത്തിപ്പിലെ വീഴ്ചകളിൽ നടപടിയെടുക്കുന്നതിനുപകരം സംഭവം രാഷ്ട്രീയ ആയുധമാക്കാൻ ഇരുവിഭാഗവും ശ്രമിച്ചതോടെ വെട്ടിലായത് ഉദ്യോഗസ്ഥരും കായികതാരങ്ങളും. കടുത്ത മാനസിക സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ടി.എൻ. സ്മിത മാതൃവകുപ്പിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്നതായും അഭ്യൂഹമുണ്ട്. കാലാവധി അവസാനിക്കാൻ മൂന്നുമാസം ശേഷിക്കെ ഇത്തരമൊരു തീരുമാനമെടുത്തതിനു പിന്നിലും സമ്മർദമുണ്ടെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |