വടക്കാഞ്ചേരി: നഗരസഭയിലെ ചേപ്പലക്കോട് ജനവാസ മേഖലയിൽ കാട്ടാന ഭീതി ഒഴിയുന്നില്ല. തുടർച്ചയായ പത്താം ദിവസവും കാട്ടാനയിറങ്ങിയതോടെ കർഷകർ ദുരിതത്തിൽ. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. തലപ്പിള്ളി താലൂക്കിലെ ആയിരം ഏക്കറോളം വരുന്ന കൃഷിയിടങ്ങളിൽ 40 ശതമാനവും തരിശായെന്ന് കർഷകർ പറയുന്നു.
നിരന്തരം പ്രദേശത്തിറങ്ങുന്ന കാട്ടാനകൾക്ക് പുറമെ പുതിയൊരു ആനയും എത്തിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ജയൻ ചേപ്പലക്കോട്, സണ്ണി പുൽപ്പാറ, അനിൽ ജെയ്ക്കബ്, ജോൺ ജോസഫ്, ജോയി ജോസഫ്, തിരുമേനി വാഴപറമ്പിൽ എന്നിവരുടെ കൃഷിയിടങ്ങളിലെ നിരവധി തെങ്ങുകളും കവുങ്ങുകളും വാഴകളും ആനകൾ നശിപ്പിച്ചു. ആർ.ആർ.ടിയും വനപാലക സംഘവും സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടിലേക്ക് മടങ്ങാതെ ഉദ്യോഗസ്ഥരെ വട്ടംകറക്കി.
കുതിരാനിൽനിന്ന്
കുതിരാനിൽനിന്നാണ് കാട്ടാനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു. എത്ര ആനകൾ എത്തിയെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് കൃത്യമായ കണക്കില്ല.
1800 കാലഘട്ടം മുതൽ വാഴാനി വനത്തിൽ കാട്ടാനകളുണ്ടായിരുന്നില്ല. 2023 മുതലാണ് ആനകളെത്തിയത്. ആനകളെ കുതിരാനിലേക്ക് തിരിച്ചയക്കുകയാണ് ഏക പരിഹാരം. ഇതിനായി തുടർച്ചയായ നടപടികൾ വേണം.
ജയൻ ചേപ്പലക്കോട്
പൊതുപ്രവർത്തകൻ, കർഷകൻ
ഫെൻസിംഗിന് നീക്കം
കരുമത്ര മുതൽ ചേപ്പലക്കോട് വരെ ഏഴ് കലോമീറ്റർ ദൂരത്തിൽ ഫെൻസിംഗ് ഇല്ലാത്തതാണ് ആനകൾ ജനവാസ മേഖലയിലേക്കിറങ്ങാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. ജനകീയ പിന്തുണയോടെ രണ്ട് ലെയർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. മേലിലം മുളക്കുറ്റിക്കാട് മേഖലയിൽ പത്ത് കിലോമീറ്റർ ദൂരത്തിൽ അഞ്ച് ലെയർ ഫെൻസിംഗ് സ്ഥാപിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽനിന്ന് 29 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് മീറ്റർ വീതിയിൽ കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്വാഗതസംഘ രൂപീകരണം ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |