
തൃശൂർ: സ്വരാജ് റൗണ്ടിലെ ടാറിംഗ് ജോലികൾ അടുത്തമാസം ആരംഭിക്കും. കഴിഞ്ഞ മാർച്ചിൽ പ്രവൃത്തികൾക്ക് തുടക്കമിട്ടെങ്കിലും തിരഞ്ഞെടുപ്പും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ബിറ്റുമിൻ വിലവർധനയും കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. വിലവർധന കരാറുകാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് നിർമ്മാണം തടസപ്പെട്ടത്.
ബിറ്റുമിൻ വിലയിലുണ്ടായ അസാധാരണ വർദ്ധന കണക്കിലെടുത്ത് റോഡ് നിർമ്മാണം നടത്തുന്ന എൻജിനിയറിംഗ് വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിലവ്യത്യാസം അനുവദിച്ച് ഫിനാൻസ് വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഒക്ടോബർ 22ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് 2027 ഏപ്രിൽ 30 വരെ ഈ ആനുകൂല്യം ലഭിക്കും.
പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് പുറമെ റോഡ് പ്രവൃത്തികൾ നടത്തുന്ന മറ്റ് എൻജിനിയറിംഗ് വകുപ്പുകൾക്കും ആനുകൂല്യം ലഭിക്കും. ഉത്തരവ് ലഭിച്ചതോടെ സ്വരാജ് റൗണ്ട് ടാറിംഗിനുള്ള തടസം നീങ്ങിയതായി മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി. മഴ മാറിയ സാഹചര്യത്തിൽ സ്വരാജ് റൗണ്ടിന് പുറമെ നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും അടുത്തമാസം ടാറിംഗ് ആരംഭിക്കുമെന്നും മേയർ അറിയിച്ചു.
കുറുപ്പം റോഡ് മന്ദഗതിയിൽ
കുറുപ്പം റോഡിൽ 50 മീറ്റർ നടപ്പാത നിർമ്മിച്ച് പരിശോധിച്ച് അംഗീകരിക്കാമെന്ന വ്യാപാരികളുടെ ധാരണയുണ്ടായിട്ടും തുടർപ്രവൃത്തികൾ മന്ദഗതിയിൽ. ഒക്ടോബർ അഞ്ചിനായിരുന്നു ആദ്യഘട്ട നടപ്പാത നിർമ്മാണം. ഇതിനുശേഷം വ്യാപാരികളുമായി കോർപ്പറേഷൻ അധികൃതർ ചർച്ച നടത്തി തുടർനിർമ്മാണം നടത്താനായിരുന്നു ധാരണയെങ്കിലും ഇതുവരെ നടന്നില്ല. ഇതിനിടെ നിർമ്മാണം സംബന്ധിച്ച അഭിപ്രായവ്യത്യാസവും വ്യാപാരി പ്രതിനിധികളും ഉന്നയിക്കുന്നുണ്ട്. എൻട്രൻസ് ആവശ്യമായ ചിലയിടങ്ങളിൽ നടപ്പാതയ്ക്ക് ഉയരം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ ഗ്രിൽ വയ്ക്കുന്ന ഭാഗത്ത് നിന്നും കൊതുകുകളുടെ ഉൾപ്പെടെ പ്രജനനം ശല്യമാകുമോയെന്നും കാനയിലൂടെ ഒഴുകുന്ന വെള്ളം പുറത്തേക്ക് ചാടുമോയെന്നുമുള്ള ആശങ്കയാണ് വ്യാപാരികൾക്കുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |