SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.00 AM IST

മാസ്റ്റേഴ്‌സ് ഓൺ ബോർഡ്....

d

തൃശൂർ: രാജ്യത്തിന്റെ അഭിമാനങ്ങളായ രണ്ടുപേർ... യുവ ചെസ് പോരാളികൾ.... ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും ചതുരംഗക്കളത്തിലെ മിന്നും കൗമാര താരം കല്യാണി സിരിനും. ഒരു ചതുരംഗ പലകയ്ക്ക് ഇരുവശവുമായി ഇരുവരുമിരുന്നപ്പോൾ കണ്ടു നിന്നവർക്ക് കൗതുകം. കരുനീക്കങ്ങളുടെ തുടക്കം മിതവേഗം...പിന്നെയതിന് ദ്രുതവേഗം....

ഇരുവരുടെയും കണ്ണുകളും കൈകളും കരുനീക്കത്തിൽ മത്സരവേഗത്തിലായിരുന്നു. അത്രനേരം ചിരിച്ചുകളിച്ച് തമാശകൾ പറഞ്ഞവർ മിന്നൽ വേഗത്തിൽ സീരിയസായി. ചുറ്റുംകൂടി നിന്നവരിൽ ചിലർ മതിയെന്ന് പറഞ്ഞിട്ടും ഇരുവരുമത് കേട്ടമട്ടില്ല. വീണ്ടുമവർ കരുക്കൾ നീക്കി....വെട്ടി... പക്ഷേ, സംഭവം നീളുമെന്ന് മനസിലാക്കിയ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങൾ മതിയാക്കൂവെന്ന് സ്‌നേഹത്തോടെ പറഞ്ഞതോടെ ഇരുവരും ചിരിച്ച് കൈകൊടുത്ത് കരുക്കളെ കളങ്ങളിലേക്ക് തിരികെ വിളിച്ച് കളി അവസാനിപ്പിച്ചു. സൗഹൃദ സംഭാഷണം തുടർന്നു. പിന്നെ ഫോട്ടോസെഷനായി..നിഹാലിനൊപ്പമുള്ള സൗഹൃദ ചെസ് എങ്ങനെയെന്ന് ചോദിച്ചപ്പോ കല്യാണിയുടെ കേരളകൗമുദിയോടുള്ള മറുപടിയിങ്ങനെ... അടിപൊളി...നിഹാൽ ചേട്ടൻ ഇത്ര സിംപിളായി സംസാരിക്കുമെന്ന് കരുതിയേ ഇല്ല...നേരെ തിരിച്ചുള്ള ചോദ്യത്തിന് നിഹാലിന്റെ മറുപടി രണ്ടേ രണ്ടുവാക്കിൽ കല്യാണി ഓസം...

ലോകത്തെ മികച്ച 20 താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗ്രാൻമാസ്റ്റർ നിഹാൽ സരിനും ഇന്ത്യൻ വനിതാ ചെസ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ കല്യാണി സിരിനും തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയായിരുന്നു വേദി. നിഹാൽ സരിന് ആദരമായി സജ്ജമാക്കിയ നിഹാൽ സരിൻ ഹാളിന്റെ ഉദ്ഘാടന വേളയിലാണ് ഇരുതാരങ്ങളും സൗഹദ മത്സരത്തിലേർപ്പെട്ടത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി.സുരേന്ദ്രൻ, മുൻ ദേശീയ ഫുട്‌ബാൾ താരങ്ങളായ സി.വി.പാപ്പച്ചൻ, ജോപോൾ അഞ്ചേരി തുടങ്ങിയവർ വിശിഷ്ടാതിഥികളായി. കെ.ആർ.സാംബശിവൻ, അഡ്വ.ജോയ് ബാസ്റ്റിൻ ചാക്കോള എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL