
തൃശൂർ: കോൾപ്പാടങ്ങളിൽ വ്യാപക കൃഷിനാശം വിതച്ച് തുലാമഴ. ജയന്തിപ്പാടശേഖരത്തിലെ 250 ഏക്കറിലെയും മനക്കൊടിയിലെ 117ഏക്കറിലെയും നെൽക്കൃഷി നശിച്ചു. സൗത്ത് മണലൂർ (കാഞ്ഞാങ്കോട് പാടശേഖരത്തിലും ഞായറാഴ്ച പെയ്ത മഴയിൽ കൃഷിനാശമുണ്ടായി. ഉഴുത് പാകപ്പെടുത്തി വരമ്പുവച്ച് നിലം ഒരുക്കുന്നതിനും വിത്തുവാങ്ങൽ, വിത്തുകെട്ടൽ, വിത, ഞാറിടീൽ തുടങ്ങിയവയ്ക്കുമായി ഒരു ഏക്കറിന് 10,000 മുതൽ 40,000 രൂപ വരെയാണ് ഓരോ കർഷകനും ചെലവഴിച്ചത്. വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തിയെങ്കിലും മഴവെള്ളത്തിൽ ഒലിച്ചുപോയെന്നാണ് പരാതി. പാടശേഖരങ്ങളുടെ നിരപ്പുവ്യത്യാസവും പമ്പിംഗ് സൗകര്യങ്ങളില്ലാത്തതും മൂലം വെള്ളം പെട്ടെന്ന് വറ്റിച്ചുകളയുന്നതിനും തടസമായിരുന്നു. ഒരുപൂക്കൃഷിയാണ് കോൾപ്പാടങ്ങളിലെങ്കിലും വൈകി കൃഷിയിറക്കിയതും നാശത്തിനിടയാക്കി. ആദ്യഘട്ടത്തിൽ കൃഷി നശിച്ചവർക്ക് കൃഷിവകുപ്പ് പൂർണമായി വിത്ത് നൽകിയാലേ വീണ്ടും വിതയ്ക്കാനാകൂ. കൃഷിവകുപ്പിന്റെ സൗജന്യവിത്ത് വിതരണം വൈകുമെന്നതിനാൽ വീണ്ടും വിലയ്ക്ക് വാങ്ങി കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. രണ്ടാമതും കൃഷിയിറക്കിയാൽ ചെലവ് ഇരട്ടിയാകുമെന്നും വിളവെടുപ്പ് വൈകുമെന്നുമാണ് ആശങ്ക.
മനക്കുടി നഷ്ടം 3 ലക്ഷം
മനക്കുടി പാടശേഖരവും ഞായറാഴ്ചയിലെ വെള്ളത്തിനടിയിലായി, നഷ്ടം ലക്ഷങ്ങൾ. മനക്കുടി പുഴയ്ക്കൽ പി.ഡബ്ല്യു.ഡി റോഡിന് സമീപമുള്ള ഞാറ്റടികളാണ് മുങ്ങിയത്.മൂന്നേക്കറിൽ വിത്തിട്ട്, വളമിട്ട് ഞാറ് മുളപ്പിച്ച ശേഷം 117ഏക്കറിലേക്ക് പറിച്ചുനടാനാണ് കർഷകക്കൂട്ടായ്മ തീരുമാനം. ഇതോടെ മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം. പുതുതായി ഞാറ് മുളപ്പിച്ചെടുത്ത് വേണം ഇനി കൃഷിയിറക്കാൻ. മൂപ്പ് കുറഞ്ഞ വിത്തിട്ടാൽ വിളവിനെ ബാധിച്ചേക്കും. മനക്കൊടി - പുള്ള് റോഡ് വളരെ താഴ്ന്നുകിടക്കുന്നതാണ് ചെറിയ മഴയിൽ പോലും പാടശേഖരം മുങ്ങുന്നതിന് കാരണമെന്നാണ് കർഷകരുടെ പക്ഷം. മനക്കൊടിയിലെ 139 കർഷകരാണ് പ്രതിസന്ധിയിലാകുന്നത്. 2024ലും സമാനമായ കൃഷിനാശം നേരിട്ടിരുന്നു.
ആലപ്പാട് ലക്ഷങ്ങളുടെ നഷ്ടം
ആലപ്പാട് പാടശേഖര സമിതിയുടെ കീഴിലുള്ള പ്രദേശത്ത് തുലാമഴയിൽ സമ്പൂർണ കൃഷിനാശം. 250 ഏക്കറോളം വരുന്ന പാടശേഖരത്തിൽ പകുതി ഞാറുപാകിയും ബാക്കി വിത്തിട്ടുമായിരുന്നു കൃഷിക്കായി ഒരുക്കിയിരുന്നത്. കിലോയ്ക്ക് 44.50 രൂപയോളം രൂപയ്ക്ക് വാങ്ങിയാണ് പലയിടത്തും ഉമ വിത്തിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |