
വരന്തരപ്പിള്ളി: ഭാര്യയെ ക്രൂരതയ്ക്ക് വിധേയയാക്കിയ കേസിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കോരനൊടി കിഴക്കിനിയേടത്ത് വീട്ടിൽ സുന്ദരൻ (53) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2007ലാണ് പ്രതി പരാതിക്കാരിയെ വിവാഹം കഴിച്ചത്. വിവാഹസമ്മാനമായി ലഭിച്ച എട്ട് പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച പ്രതി, കൂടുതൽ പണവും സ്വർണവും സ്ത്രീധനമായി ആവശ്യപ്പെട്ട് പരാതിക്കാരിയെ ക്രൂരതയ്ക്ക് വിധേയയാക്കിയെന്നാണ് കേസ്. ഇതേത്തുടർന്ന് 2009ൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു.
കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ സുരേഷ്, എസ്. ഐ പോൾസൺ, എ.എസ്.ഐ രജനീശൻ, ഗ്രേഡ് എസ്.സി.പി.ഒ രാഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |