SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

ഉത്സവകാലത്തിന് തുടക്കം: ചർച്ചയിലേക്ക് നാട്ടാനക്ഷാമം

photo

തൃശൂർ: സാംസ്‌കാരിക പൈതൃകമായ ഉത്സവങ്ങൾ നിലനിറുത്താൻ നാട്ടാനക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 35,000ത്തോളം ഉത്സവങ്ങൾ നടക്കുന്ന കേരളത്തിൽ എഴുന്നെള്ളിപ്പിനായി ആകെയുള്ളത് 300ഓളം ആനകൾ മാത്രമാണ്. ഉത്സവങ്ങളുടെ നാടായ തൃശൂരിൽ നിന്നാണ് നാട്ടാനക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് നാട്ടാനകളെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടാനുള്ള വഴികൾ തേടുകയാണ് ഉത്സവപ്രേമികളും തൃശൂരിൽ നിന്നുള്ള ജനപ്രതിനിധികളും വെറ്ററിനറി വിദഗ്ദ്ധരും. കഴിഞ്ഞ ദിവസം രാജൻ ജെ. പല്ലൻ എം.എൽ.എ. നിയമസഭയിൽ നാട്ടാനക്ഷാമം സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി നാട്ടാനപ്രശ്‌നം സംബന്ധിച്ച നിവേദനവും കൈമാറി.

വന്യജീവി സംരക്ഷണ നിയമപ്രകാരം ദാതാവായ സംസ്ഥാനം എൻ.ഒ.സി. നൽകിയാൽ ആനകളെ കൈമാറാൻ വ്യവസ്ഥയുണ്ടെങ്കിലും കേരളത്തിൽ വനംവകുപ്പും സർക്കാരും പ്രതിരോധം തീർക്കുന്നുവെന്നാണ് പ്രധാന പരാതി. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപടികൾ സുഗമമാക്കുമ്പോൾ കേരളത്തിൽ മാത്രം അനുമതി നിഷേധിക്കപ്പെടുന്നുവെന്നാണ് ആക്ഷേപം. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ എൻ.ഒ.സി ഇല്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ എത്തിക്കാനുള്ള ശ്രമങ്ങളും അധികൃതർ നടത്തുന്നുണ്ട്.


35000 ഉത്സവങ്ങൾ, 324 ആനകൾ

കഴിഞ്ഞ 10 വർഷത്തിനിടെ നാട്ടാനകളുടെ എണ്ണം പകുതിയായെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ട്. 2010ൽ 702 ഉണ്ടായിരുന്നെങ്കിൽ 2026ൽ 324 ആയി. ഇതിൽ ഭൂരിഭാഗവും 40 വയസിനു മുകളിൽ പ്രായമുള്ളതാണ്. നാട്ടാനകൾ കുറയുന്നതോടെ ഉത്സവകാലത്ത് ഡിമാൻഡ് കൂടുന്നുണ്ട്. ഏക്കത്തുക ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനാൽ ചെറിയ ഉത്സവങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. ആനകളെ വിശ്രമമില്ലാതെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ലോറികളിലെത്തിച്ച് എഴുന്നള്ളിക്കുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും വഴിവയ്ക്കുന്നതോടൊപ്പം അക്രമാസക്തമാകാനും ഇത് ഇടയാക്കുന്നുണ്ട്.


തടസമായി നിയമം

ബീഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിന് വന്യജീവി സംരക്ഷണ നിയമവും കോടതി ഉത്തരവുകളുമാണ് തടസം. 2018 മുതൽ 2026 വരെയുള്ള കാലയളവിൽ 186ലധികം നാട്ടാനകൾ ചരിഞ്ഞതിനെ തുടർന്ന് നാട്ടാനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കർശന നിരീക്ഷണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL