
തൃശൂർ: മണ്ണിടിച്ചിൽ, സർവീസും റോഡും യാത്രാസൗകര്യങ്ങളുമില്ലായ്മ, വന്യമൃഗശല്യം, നാൾക്കുനാൾ ഇടിഞ്ഞുതാഴുന്ന ഭൂവില... മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം താമസിക്കുന്നവരുടെ ആശങ്കയേറുകയാണ്. അറുപത് കുടുംബങ്ങളിൽ നിന്നായി 200 ഓളം പേരാണ് പ്രദേശത്ത് താമസിക്കുന്നത്. കൊമ്പഴ മുതൽ വഴുക്കുംപാറ വരെയുള്ള പ്രദേശത്ത് പഴയ ദേശീയപാതയുടെ ഇരുവശത്തുമായി താമസിക്കുന്നവരാണിവർ. മണ്ണിടിച്ചിലുണ്ടാകുന്നതാണ് പ്രധാന ആശങ്ക. ഇക്കഴിഞ്ഞ മഴക്കാലത്തും മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടിരുന്നു. തുരങ്കത്തിന് മുകളിൽ നിന്ന് മണ്ണും പാറയും അടർന്നുവീഴുന്ന സാഹചര്യമുണ്ടെന്നുമാണ് നാട്ടുകാരുടെ പരാതി. മഴക്കാലത്ത് തുരങ്കത്തിനുള്ളിൽ ചോർച്ച അനുഭവപ്പെടുന്നതും ഭീതിയാണ്. വയനാട്ടിലേത് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമോയെന്നാണ് ഭയം. തുരങ്കനിർമ്മാണം അശാസ്ത്രീയമാണെന്നാണ് പ്രധാന ആരോപണം. മല തുരന്ന് തുരങ്കം നിർമ്മിക്കുന്നതിന് പകരം പാറ പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രദേശത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായെങ്കിലും കുറച്ചുപേർക്ക് മാത്രമേ നഷ്ടപരിഹാരം കിട്ടിയുള്ളൂവെന്നാണ് പ്രാദേശിക കൂട്ടായ്മയുടെ കുറ്റപ്പെടുത്തൽ. വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണമാണ് മണ്ണിടിച്ചിലിനും ചോർച്ചയ്ക്കും കാരണമെന്നാണ് ആരോപണം.
സർവീസ് റോഡ് വേണം
കുതിരാൻ പഴയപാത സർവീസ് റോഡാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുതിരാൻ ക്ഷേത്രത്തിലേക്കും ക്രിസ്ത്യൻ പള്ളിയിലേക്കും വരുന്നവർക്ക് സർവീസ് റോഡില്ലാത്തത് ബുദ്ധിമുട്ടാണ്. കൊമ്പഴ ഭാഗത്ത് നിന്നും കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെ വഴുക്കുംപാറയിലേക്ക് സർവീസ് റോഡ് വേണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തിയാൽ പ്രശ്‌നപരിഹാരമാകും. പഴയ ദേശീയപാതയിൽ ഇരുമ്പുപാലത്ത് ബസ് സ്റ്റോപ്പുണ്ടായിരുന്നെങ്കിലും ആറുവരിപ്പാത വന്നതോടെ ഇല്ലാതായി. ജില്ലാ അതിർത്തിയായ വാണിയമ്പാറ മുതൽ ഉള്ളവർക്ക് പഞ്ചായത്ത്, വില്ലേജ്, സ്‌കൂൾ, കോളേജ് തുടങ്ങിയ ആവശ്യങ്ങൾക്കായി പാണഞ്ചേരിയിലേക്ക് എത്തണം. സർവീസ് റോഡില്ലാത്തതിനാൽ വളഞ്ഞുചുറ്റി വേണം സഞ്ചരിക്കാൻ. കാൽനടയാത്രികർക്കും സൈക്കിളിൽ പോകുന്ന കുട്ടികൾക്കും സ്‌കൂളുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കും സഞ്ചരിക്കാൻ ഇത് എളുപ്പമാകും.
ഇടിഞ്ഞുതാണ് ഭൂവില
കന്യാകുമാരി -സേലം ദേശീയപാതയോരത്തെ കുതിരാനിൽ മുൻപ് ഭൂമിക്ക് കോടികൾ വിലയുണ്ടായിരുന്നെങ്കിലും ഇപ്പോൾ റോഡും വഴിയും ബസ് സ്‌റ്റോപ്പും ഇല്ലാതായതോടെ അതിരൂക്ഷമാണ് വിലയിടിച്ചിൽ. പഴയ ദേശീയപാതയോരവും കുതിരാൻ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലവുമെല്ലാം കാനനമായി. ഇതോടെ 4മുതൽ 7ലക്ഷം രൂപ വരെ ഒരു സെന്റിന് വിലയുണ്ടായിരുന്നത് മൂന്നിലൊന്നായി കുറഞ്ഞു. പഴയ ദേശീയപാതാ പ്രദേശം ഇപ്പോൾ വനംവകുപ്പിന്റെ അധീനതയിലാണ്. സർവീസ് റോഡ് നിർമ്മിക്കണമെന്ന ആവശ്യവുമായി കോടതിയെയും കേന്ദ്ര -സംസ്ഥാന സർക്കാരുകളെയും സമീപിക്കാനൊരുങ്ങുകയാണ് കുതിരാൻമല ജനകീയ സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |