
തൃശൂർ: റഫറണ്ടം നടത്തേണ്ട കാലാവധി രണ്ടുവർഷം പിന്നിടാനിരിക്കെ സി.പി.എം അനുകൂല സംഘടനയെ മാത്രം പങ്കെടുപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് യോഗം വിളിച്ചൂവെന്നാക്ഷേപം. റഫറണ്ടത്തിലൂടെ തിരഞ്ഞെടുത്ത യൂണിയന്റെ അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഇത്തരം യോഗം ചേർന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ്, കാർമിക് സംഘ് സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഇത് വരാൻ പോകുന്ന റഫറണ്ടത്തിൽ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷന് അനുകൂല സാഹചര്യം ഒരുക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം കാർമിക് സംഘ് ദേവസ്വം ബോർഡ് അധികൃതർക്ക് പരാതി നൽകി.
ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ നിയമോപദേശം തേടാനും ഉത്സവകാലത്ത് അധികമായി നിയോഗിക്കുന്ന ജീവനക്കാർക്ക് വേതനം നൽക്കുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമെടുത്തിരുന്നു. മുൻകാലങ്ങളിൽ നടപ്പിലാകാത്ത ഉത്തരവുകൾ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. എന്നാൽ ഇത് ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിലെ ഭരണ സമിതിയുടെ കാലാവധി വരുന്ന ഫെബ്രുവരിയിൽ അവസാനിക്കും. അതിനു മുൻപ് റഫറണ്ടം നടത്താനുള്ള ശ്രമം സി.പി.എം നിയോഗിച്ച ഭരണസമിതി നടത്തുന്നുണ്ടെങ്കിലും പുതിയ ഭരണസമിതി വന്ന ശേഷം മതിയെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
ഡിസംബറിൽ 2വർഷം പൂർത്തിയാകും
നാന്നൂറിലേറെ ക്ഷേത്രങ്ങളുള്ള കൊച്ചിൻ ദേവസ്വം ബോർഡിൽ അംഗീകൃത യൂണിയനെ കണ്ടെത്താനുള്ള റഫറണ്ടം കാലാവധി ഡിസംബർ 21ന് 2വർഷം പൂർത്തിയാകും. പ്രാരംഭ നടപടികൾ ആരംഭിച്ചെന്ന് ബോർഡ് പറയുന്നുണ്ടെങ്കിലും തീയതി പ്രഖ്യാപനമോ മറ്റോ നടന്നിട്ടില്ല.പുതിയ കമ്മീഷണർ സ്ഥാനമേറ്റെങ്കിലും മെല്ലേ പോക്കാണ്. ജൂനിയർ സൂപ്രണ്ടിന് താഴെയുള്ള 1800ഓളം സ്ഥിരം ജീവനക്കാർക്കാണ് ഇവിടെ വോട്ടാവകാശമുള്ളത്. കഴിഞ്ഞ റഫറണ്ടത്തിൽ സി.പി.എം അനുകൂല സംഘടന (സി.ഡി.ഇ.ഒ) മാത്രമായിരുന്നു അംഗീകാരം. എന്നാൽ ഭരണമാറ്റത്തോടെ ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കോൺഗ്രസ് അനുകൂല സംഘടന (കൊച്ചിൻ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്), ബി.എം.എസ്.അനുകൂല സംഘടന (ക്ഷേത്ര കാർമ്മിക് സംഘ്) എന്നിവയും സി.പി.ഐ അനുകൂല സംഘടനയുമാണ് പ്രധാനമായുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |