SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

കേരളം @ 70ൽ ഭരണ ഭാഷ പുരസ്‌കാരം നേടി തൃശൂർ

f

തൃശൂർ: കേരള പിറവി ദിനത്തിൽ സാംസ്‌കാരിക തലസ്ഥാനത്തിന് അഭിമാനകര നേട്ടം. സംസ്ഥാന സർക്കാരിന്റെ ഭരണഭാഷാ പുരസ്‌കാരങ്ങളിൽ മികച്ച ജില്ലയായി തൃശൂരിനെ തിരഞ്ഞെടുത്തു.
ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും പൂർണമായി ഭാഷാമാറ്റം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് അവാർഡുകൾ നൽകുന്നത്. ഭരണസംവിധാന രംഗത്തെ വിവിധമേഖലകളിൽ മലയാളഭാഷാ ഉപയോഗം സാർവത്രികമാക്കിയതിനാണ് പുരസ്‌കാരം.
ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമങ്ങൾക്കും ഭാഷാപ്രചാരണ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. 20,000രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ച് ഭരണ ഭാഷയുടെ പ്രധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിച്ചും വകുപ്പുകളുടെ കത്തിടപാടുകൾ പൂർണമായും ഭരണഭാഷ ഉപയോഗിച്ചുമാണ് ജില്ലാ നേട്ടം കൈവരിച്ചത്. അതോടൊപ്പം ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളും വിലയിരുത്തപ്പെട്ടു.

ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

നാടിന്റെ സ്പന്ദനങ്ങളിൽ മാതൃഭാഷയുടെ മാധുര്യം നിറയ്ക്കാൻ വീണ്ടുമൊരു ഭരണഭാഷാ വാരാഘോഷത്തിന് കളമൊരുങ്ങുന്നു. ഭരണഭാഷമാതൃഭാഷ എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം 2026' ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തൃശൂർ ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി.അജോയ് അദ്ധ്യക്ഷനാകും. ടി.ഡി.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം എം.സന്ദീപ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹെഡ്മിസ്ട്രസ് ഡോ.ബിന്ദു,​ പ്രിയ കെ.ഉണ്ണികൃഷ്ണൻ, ഹുസ്തൂർ ശിരസ്‌തേദാർ അനൂപ് പി.ആർ എന്നിവർ സംസാരിക്കും.


മലയാളഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണനിർവഹണത്തിൽ മാതൃഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ നേട്ടം കൂടുതൽ പ്രചോദനമാകും.
-ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL