SignIn
Kerala Kaumudi Online
Sunday, 04 October 2026 9.01 PM IST

ആരാധനാലയങ്ങൾക്കുള്ള ഇളവിനെതിരെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തി 'പെരുമഴ പെയ്തപ്പോൾ കുട മടക്കിയത് പോലെയാകരുത് ഇളവുകൾ '

കൊടുങ്ങല്ലൂർ: ജൂൺ 20 മുതൽ 30 വരെയുള്ള കാലയളവിൽ രാജ്യത്ത് കൊവിഡ് മഹാമാരി കൂടുതൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആരാധനാലയങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തി അഡ്വ. ത്രിവിക്രമനടികളുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തോട് വ്യക്തിപരമായുള്ള വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് കുറിപ്പ്.
ഇപ്പോഴുള്ള ഈ പ്രവൃത്തി മഴക്കാറ് കണ്ടപ്പോൾ കുട നിവർത്തിപ്പിടിച്ചു പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകുമെന്നും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിക്കുന്നു. ഏതെങ്കിലും വിധത്തിൽ കൊവിഡ് ബാധ വന്നാൽ മഹാക്ഷേത്രങ്ങൾ അടച്ചിട്ട് പൂജാദികർമ്മങ്ങൾക്ക് തടസം നേരിട്ടാൽ നാടിന് തന്നെ അത് വിപത്താകും. രണ്ടര മാസമായി ഗുരുവായൂരപ്പനെയോ കൊടുങ്ങല്ലൂരമ്മയെയോ കാണാതെ ഉറക്കം വരാത്തവർ ഉണ്ടെന്ന് തോന്നുന്നില്ല. ജൂൺ 30 വരെ ക്ഷേത്രദർശനം ഒഴിവാക്കി സ്വന്തം വീടുകളിലിരുന്ന് ഇഷ്ടദേവതയെ മനസിൽ കണ്ട് പ്രാർത്ഥിക്കണം. രോഗ വ്യാപനം തടയുന്നതിനായി തത്കാലം പള്ളി തുറക്കേണ്ടെന്നുള്ള പാളയം പള്ളി അധികാരികൾ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. ക്ഷേത്രദർശനം കഴിയുമ്പോൾ ശാന്തിയും സമാധാനവും ലഭ്യമാകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണം പാലിച്ചു കൊണ്ടുള്ള ദർശനം സഹായകമാകില്ല. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദർശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകും. ഭണ്ഡാരസമർപ്പണമോ, കൊടിമരം സ്വർണം പൂശലോ, വാതിൽമാടം സ്വർണം പൊതിയലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം. പ്രാർത്ഥനയ്ക്കും മാനവസേവയ്ക്കുമൊപ്പം ധ്യാന ജപാദികൾ മൂലം ദേവതയെ മനസിൽ കാണുവാനുള്ള പ്രാപ്തി നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SREE KURUMBA, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL