SignIn
Kerala Kaumudi Online
Thursday, 15 October 2026 5.33 PM IST

നഗരം നിറഞ്ഞ് വാഹനങ്ങൾ: ഇനി പെർമിറ്റില്ല

auto-

തൃശൂർ: വാഹനപ്പെരുപ്പത്താൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ, ഇനി പുതിയ ഓട്ടോകൾക്ക് പെർമിറ്റ് അനുവദിച്ചേക്കില്ല. തൃശൂർ കോർപറേഷൻ പരിധിയിൽ ടി.സി, പഞ്ചായത്ത് മേഖലയിൽ ടി.പി എന്നിങ്ങനെ രണ്ടു തരം പാർക്കിംഗ് പെർമിറ്റുകളാണുള്ളത്.

ആർ.ടി.ഒ അനുവദിക്കുന്ന ഇത്തരം പെർമിറ്റുകൾക്ക് പുറമേ കോർപറേഷൻ അതിർത്തിയിലെ കുറച്ച് ഓട്ടോക്കാർ കോടതി വഴിയും പെർമിറ്റ് നേടിയിരുന്നു. അതേസമയം ഇന്ധന വിലവർദ്ധനവും കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും കാരണം ഓട്ടോ തൊഴിലാളികൾ നട്ടം തിരിയുകയാണ്.

നിരവധി പേർ ഈ തൊഴിൽ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് വഴിമാറി. ഇലക്ട്രിക് ഓാട്ടോയും ഇതിനിടെ രംഗത്തെത്തി. സംസ്ഥാന പെർമിറ്റുള്ള ഇലക്ട്രിക് ഓട്ടോകളുമുണ്ട്. ഓട്ടോകൾക്ക് വ്യാജപെർമിറ്റുണ്ടോ എന്നത് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഓട്ടോതൊഴിലാളികൾ ഉയർത്തുന്നുണ്ട്. രണ്ട് വർഷം മുൻപ് ഈ ആവശ്യം ഉന്നയിച്ച് നഗരത്തിൽ ഓട്ടോകൾ മിന്നൽ സമരം നടത്തിയിരുന്നു. നഗരത്തിൽ ഓട്ടോ ഓടിക്കാൻ ടൗൺ പെർമിറ്റ് വേണമെന്നിരിക്കേ, ചിലർ വ്യാജ പെർമിറ്റുകൾ ഉണ്ടാക്കി ഓടുന്നുണ്ടെന്നായിരുന്നു പരാതി. നാലായിരം പെർമിറ്റുകളാണ് അന്ന് ആർ.ടി.ഒ വിതരണം ചെയ്തത്. ഒന്നര ലക്ഷം രൂപ വരെയായിരുന്നു പെർമിറ്റിന്റെ ചാർജ്.

കോർപറേഷൻ പരിധിയിലെ ഓട്ടോ സ്റ്റാൻഡുകളും ഓട്ടോ പെർമിറ്റും നിജപ്പെടുത്തി ക്രമീകരിക്കാൻ കഴിഞ്ഞവർഷം കോർപറേഷൻ കൗൺസിലിൽ തീരുമാനിച്ചിരുന്നു. ഓട്ടോ പെർമിറ്റ് നൽകാനുള്ള അധികാരം ആർ.ടി.ഒയ്ക്കാണെങ്കിലും കോർപറേഷൻ പരിധിയിൽ ഓട്ടോ സ്റ്റാൻഡുകളും അതിൽ പാർക്ക് ചെയ്യേണ്ട ഓട്ടോകളുടെ എണ്ണവും നിജപ്പെടുത്താനുള്ള ചുമതല കോർപറേഷനാണ്.

കോടതി വഴിയും പെർമിറ്റുകൾ

മോട്ടോർ വാഹനവകുപ്പിൽ നിന്ന് പെർമിറ്റ് ലഭ്യമാകാത്ത ചിലർ ഹൈക്കോടതിയെ സമീപിച്ച് പെർമിറ്റ് നേടിയെടുത്തിയിരുന്നു. കോടതി നടപടിയുടെ മറവിലാണ് നിരവധി വ്യാജ പെർമിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. പല തവണ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ഓട്ടോ തൊഴിലാളികൾ ആരോപിച്ചിരുന്നു. കോടതിയിൽ പോയി പെർമിറ്റ് വാങ്ങുന്ന രീതിക്ക് പരിഹാരം കാണാനായി സോണൽ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട ഓട്ടോ സ്റ്റാൻഡുകൾ ക്രമീകരിക്കാനുള്ള കോർപറേഷന്റെ ശ്രമങ്ങളും പൂർണ്ണമായും ഫലം കണ്ടില്ല.

ഓട്ടോ പെർമിറ്റുകൾ ഇങ്ങനെ

കോർപറേഷനിൽ അനുവദിച്ച ഓട്ടോ പെർമിറ്റുകൾ: 3760
പാർക്കിംഗിന് അനുമതിയുള്ളത്: 942 ഓട്ടോകൾക്ക്

തൃശൂർ നഗരത്തിൽ ഇനി ഓട്ടോകൾക്ക് പെർമിറ്റ് നൽകാനാവില്ല. സ്ഥലപരിമിതിയാണ് പ്രധാനപ്രശ്‌നം.

ബിജു ജെയിംസ്
ആർ.ടി.ഒ. തൃശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, AUTO, CHARGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL